കൊച്ചി: ഗാർഹിക പീഡന പരാതി നൽകിയതിനു പിന്നാലെ ആത്മഹത്യചെയ്ത എൽഎൽ.ബി. വിദ്യാർഥിനി മൊഫിയ പർവീണിന്റെ ആരോപണത്തിൽ ആലുവ സി.ഐ സുധീറിനെതിരേ ഉടൻ നടപടിക്ക് സാധ്യത. ഇതുമായി ബന്ധപ്പെട്ട നീക്കങ്ങളുടെ ഭാഗമായി ഡി.ഐ.ജി നീരജ്കുമാർ ഗുപ്ത റൂറൽ എസ്.പിയുടെ ഓഫീസിലെത്തി. വിഷയത്തിൽസി.ഐയുടെ വിശദീകരണം തേടിയിരുന്നു.
ഇതുവരേയും സി.ഐക്കെതിരെ ഒരു നടപടിയും ഉണ്ടാകാത്തതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പിൽ പെൺകുട്ടി ഭർതൃവീട്ടുകാർക്കെതിരേയും സി.ഐ സുധീറിനെതിരേയും ആരോപണം ഉന്നയിച്ചിരുന്നു. ഭർതൃവീട്ടുകാർക്കെതിരേ കേസ് എടുത്തിരുന്നെങ്കിലും സി.ഐ സുധീറിനെതിരേ യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധം ഉയർന്നു.
സി.ഐക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റംചുമത്തണമെന്ന ആവശ്യം ശക്തമാണ്. മകൾക്ക് പോലീസിന്റെ ഭാഗത്തുനിന്ന് അൽപം കരുണയാണ് വേണ്ടിയിരുന്നതെന്നുംഅത് കിട്ടിയിരുന്നെങ്കിൽ മകൾ ആത്മഹത്യ ചെയ്യില്ലായിരുന്നുവെന്നും മൊഫിയയുടെ പിതാവ് ദിൽഷാദ് പറഞ്ഞിരുന്നു.
സി.ഐ സുധീറിനെ സ്റ്റേഷൻ ചുമതലകളിൽനിന്ന് നീക്കിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ നടപടി സ്വീകരിച്ചിട്ടില്ലെന്ന് റൂറൽ എസ്.പി വ്യക്തമാക്കി. സി.ഐ ബുധനാഴ്ച രാവിലെ ഡ്യൂട്ടിക്ക് എത്തുകയും ചെയ്തു. ഇത്വലിയ പ്രതിഷേധത്തിന് ഇടയാക്കി. തുടർന്ന് അൻവർ സാദത്ത് എം.എൽ.എ സ്റ്റേഷനിൽ കുത്തിയിരിപ്പ്സമരവും നടത്തി.