2021ൽ ഈ വർഷം ഓഗസ്റ്റ് 26 വരെ മാത്രം 156 കേസുകളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.
വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളേയും ഉരഗങ്ങളേയും വേട്ടയാടുന്നത്, മാംസത്തിനായുള്ള വേട്ടയാടൽ, നിയമവിരുദ്ധമായ കച്ചവടം, കൊമ്പുകളും നഖങ്ങളും പല്ലുകളും കൈവശം വെക്കുന്നതും വിൽക്കുന്നതും എന്നീ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് മിക്ക കേസുകളും രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സ്വാഭാവികമായി ചത്ത മൃഗങ്ങളിൽ നിന്നും കൊമ്പുകളോ നഖങ്ങളോ നീക്കം ചെയ്യുന്നതും മാംസം ശേഖരിക്കുന്നതും കുറ്റകരമാണ്. ഓരോ വർഷവും രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ 80 ശതമാനവും മൃഗങ്ങളെ വേട്ടയാടുന്നതുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. വിളകൾ നശിപ്പിക്കുന്ന വ്യാപക നാശമുണ്ടാക്കുന്ന കാട്ടുപന്നികളെ വേട്ടയാടുന്നത് ഇതിൽ പെടുന്നില്ല.
കാട്ടുപന്നികൾക്ക് പുറമേ, സാമ്പാർ മാൻ, പുള്ളിമാൻ, മുള്ളൻപന്നി, ഉടുമ്പ്, പെരുമ്പാമ്പ്, വെരുക്, കടലാമകൾ എന്നിവയും മനുഷ്യന്റെ വേട്ടയാടലിന് ഇരകളാകുന്നുണ്ട്.
അതിനുപുറമേ ഇടക്കിടെ ആനകളും പുലികളും, കടുവകളും, മറ്റ് കാട്ടുമൃഗങ്ങളും വേട്ടയാടപ്പെടുന്നുണ്ടെന്ന് ഡേറ്റ പറയുന്നു.
‘കൊവിഡ് കാലയളവിൽ സഞ്ചാരം നിയന്ത്രിച്ചതിനാൽ വനത്തോട് ചേർന്ന് താമസിക്കുന്നവർക്ക് വേട്ടയാടാൻ കൂടുതൽ സൗകര്യം ഉണ്ടാകുകയാണ് ചെയ്തത്. അതെസമയം വേട്ടക്കാർ അവരുടെ ബുദ്ധിസാമർത്ഥ്യവും ഇപ്പോൾ വർധിപ്പിച്ചിട്ടുണ്ടെന്നും ഡേറ്റയിൽ പറയുന്നു.
പ്രാന്തപ്രദേശങ്ങളിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം വർധിപ്പിച്ചത് വേട്ടയാടുന്നതും വർധിപ്പിക്കാനിടയാക്കി എന്ന് വനംവകുപ്പ് ഫ്ളയിങ് സ്ക്വാഡ് അംഗം വിശദീകരിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മൃഗങ്ങൾ വൈദ്യുതാഘാതമേറ്റ് ചത്തുപോകുന്ന സന്ദർഭങ്ങളും നിരവധിയാണ്. ആളുകൾ അവയെ വൈദ്യുതാഘാതമേൽപ്പിക്കാനായി വൈദ്യുത കമ്പികൾ സ്ഥാപിക്കുന്നു. അതല്ലാതെ അവയെ കൊല്ലാൻ വേണ്ടി വിഷം ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
മൃഗങ്ങളെ കൊല്ലുന്നതിന് പുറമെ അവക്ക് ഭക്ഷണം കൊടുക്കാതിരിക്കുന്നതും ക്രിമിനൽ കുറ്റമാണെന്ന് രേഖകളിൽ പറയുന്നു. അത്തരത്തിൽ ഉണ്ടായ രണ്ട് കേസുകളും നിലവിലുണ്ട്. പെരുമ്പാമ്പിന്റെ വായിൽ നിന്നും കോഴികളെ ബലമായി മോചിപ്പിച്ചതാണ് ആ കേസുകൾ.
‘ഇരയെ മോചിപ്പിക്കാനായി ആളുകൾ പെരുമ്പാമ്പിനെ ബലം പ്രയോഗിച്ചിരിക്കാം. അതോടൊപ്പം തന്നെ പെരുമ്പാമ്പിന്റെ ഭക്ഷണം അവർ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ഒരു മൃഗത്തേയോ പക്ഷിയേയോ അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നിന്ന് പുറത്താക്കുന്നത് പോലും കുറ്റമാണ്.’– ഓഫീസർ പറഞ്ഞു.
സംരക്ഷിത ജീവിവർഗങ്ങൾ കൂടുണ്ടാക്കിയിട്ടുള്ള ശാഖകൾ വെട്ടുന്നതും ചിലപ്പോഴെല്ലാം ആളുകളെ വെട്ടിലാക്കാറുണ്ട്. റാന്നി റേഞ്ചിൽ മരത്തിന്റെ ശിഖരങ്ങൾ ഒടിഞ്ഞ് കൊമ്പിലുണ്ടായിരുന്ന കൂട് നശിപ്പിച്ചതിന് കേസെടുത്തിരുന്നു.
സംരക്ഷിത നിയമത്തിന്റെ ഷെഡ്യൂൾ നാലിലാണ് ഈ ഇനം രേഖപ്പെടുത്തിയിട്ടുള്ളത്. പുനലൂർ ഡിവിഷനു കീഴിലുള്ള പത്തനാപുരം റേഞ്ചിൽ മത്സ്യബന്ധന കൊളുത്തിൽ കുടങ്ങി ഹോക്സ്ബിൽ ആമ ചത്ത കേസും ഈ പരിധിയിൽ വന്നിരുന്നു. വംശനാശ ഭീഷണി നേരിടുന്ന കടലാമയാണ് ഹോക്സ്ബിൽ. 172ലെ ഇന്ത്യൻ വന്യജീവി നിയമപ്രകാരം സംരക്ഷണം അർഹിക്കുന്ന ജീവിയായി ഇതിനെ കണക്കാക്കുന്നു.
വന്യജീവികളെ വേട്ടയാടുന്നത് വർധിച്ചിട്ടും വന്യജീവികൾക്കും പരിസ്ഥിതിശാസ്ത്രത്തിനും ഉണ്ടാകുന്ന ആഘാതത്തെ പഠിക്കാൻ ഇതുവരേയും വനംവകുപ്പ് തയ്യാറായിട്ടില്ല.
കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കേരളം തീരുമാനമെടുത്തിരുന്നു. കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകുന്ന ശുപാർശ പക്ഷേ, കേന്ദ്രം തടഞ്ഞു. നിയന്ത്രണമില്ലാതെ കാട്ടുപന്നികളെ വേട്ടയാടാനുള്ള സാഹചര്യം അനുവദിക്കില്ലെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് എടുത്ത നിലപാട്. കേന്ദ്രമന്ത്രി കേരളത്തിൽ എത്തി കാര്യങ്ങൾ പരിശോധിക്കും എന്നാണ് നിലവിലെ സാഹചര്യം.
****
Source: TOI | Compiled by
Sruthy C.R