രാജ്യത്ത് ഇടത് രാഷ്ട്രീയം അസ്തമിക്കുന്നത് പശ്ചിമബംഗാളിൽ നിന്നും തൃപുരയിൽ നിന്നും വ്യക്തമാണ്. ദേശീയ രാഷ്ട്രീയത്തിൽ ഇടത് സ്വാധീനം കുറയുകയാണ്. ജനക്ഷേമം ഉറപ്പാക്കുന്നതിൽ കേരളം പരാജയപ്പെട്ടു. ഇന്ധന വില കുറയ്ക്കാത്ത ഏക സംസ്ഥാനം കേരളം മാത്രമാണെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു- ട്വന്റിഫോർ ന്യൂസ് റിപ്പോർട്ട് ചെയ്തു.
രാജസ്ഥാൻ കോൺഗ്രസിലെ ഭിന്നത മാധ്യമ സൃഷ്ടിമാത്രമാണ്. നിലവിലെ മന്ത്രിസഭാ പുനസംഘടനയിൽ സന്തോഷമുണ്ട്. മന്ത്രിസഭാ പുനസംഘടന ഏറെ കാത്തിരുന്നതാണ്. നാല് ദളിത് പ്രതിനിധികൾ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ആളുകളെ ഉൾപ്പെടുത്താൻ സാധിച്ചിട്ടുണ്ട്- സച്ചിൻ പൈലറ്റ് പറഞ്ഞു.
22 മാസങ്ങൾക്കപ്പുറം രാജസ്ഥാനിലെ ജനങ്ങളുടെ മനസ് വിജയിക്കുമെന്ന് ഉറപ്പുണ്ട്. ഉത്തർപ്രദേശിൽ അടക്കം ജനങ്ങൾ മാറ്റം ആഗ്രക്കുന്നുണ്ട്. ഏത് പാർട്ടിയിൽ പ്രവർത്തിക്കണമെന്നുള്ളത് വ്യക്തിപരമായ കാര്യമാണെന്ന് ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ളവർ പാർട്ടിവിട്ടതിനെ പരാമർശിച്ച് സച്ചിൻ പറഞ്ഞു. ജനങ്ങളുടെ പ്രശ്നമാണ് തങ്ങളെപ്പോലുള്ളവർ കോൺഗ്രസ് പ്ലാറ്റ്ഫോമിൽ നിന്ന് പറയുന്നതെന്നും സച്ചിൻ വ്യക്തമാക്കി.