ന്യൂഡൽഹി
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഉത്തർപ്രദേശിൽ വർഗീയ പ്രചാരണം കൊഴുപ്പിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൗരത്വ നിയമത്തിന്റെ പേരിൽ കുഴപ്പത്തിന് ഇറങ്ങിയാൽ അടിച്ചൊതുക്കുമെന്നാണ് ഭീഷണി. അബ്ബാ ജാന്റെയും ചാച്ചാ ജാന്റെയും അനുയായികൾക്ക് മുന്നറിയിപ്പാണ് ഇതെന്നും കാൺപുരിൽ യോഗി പറഞ്ഞു. പൗരത്വ നിയമം പിൻവലിച്ചില്ലെങ്കിൽ മറ്റൊരു ഷഹീൻബാഗ് സൃഷ്ടിക്കുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി കഴിഞ്ഞ ദിവസം പറഞ്ഞതാണ് പ്രകോപനം.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് റേഷനെല്ലാം അബ്ബാ ജാനെന്ന് വിളിക്കുന്നവർക്കാണ് പോയതെന്ന് യോഗി നേരത്തേ പറഞ്ഞിരുന്നു. അച്ഛനെന്ന് അർഥമുള്ള ഉറുദ്ദു വാക്കാണ് അബ്ബാ ജാൻ. ചാച്ചാ ജാൻ എന്ന വാക്കിന് അമ്മാവൻ എന്ന അർഥമാണ്. അബ്ബാ ജാൻ, ചാച്ചാ ജാൻ വാക്കുകളിലൂടെ ഒവൈസിയെയും അഖിലേഷ് യാദവിനെയുമാണ് പരോക്ഷമായി പരിഹസിച്ചത്. ഒവൈസി സമാജ്വാദി പാർടിയുടെ ഏജന്റാണെന്നും യോഗി പറഞ്ഞു.
ഐക്യത്തിന് ചർച്ച
നിയമസഭാ തെരഞ്ഞെടുപ്പ് എസ്പി–- ആർഎൽഡി സീറ്റുധാരണ സംബന്ധിച്ച് ലഖ്നൗവിൽ ചൊവ്വാഴ്ച അഖിലേഷ് യാദവും ജയന്ത് ചൗധുരിയും ചർച്ച നടത്തി. സഖ്യത്തിൽ മത്സരിക്കുമെന്ന് ഇരു പാർടികളും നേരത്തേ പ്രഖ്യാപിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്കുശേഷം ഇരുനേതാക്കളും ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. മാറ്റത്തിലേക്ക് ഒന്നിച്ച് എന്ന അടിക്കുറിപ്പോടെയാണ് അഖിലേഷ് ചിത്രം പുറത്തുവിട്ടത്.