തിരുവനന്തപുരം > സംസ്ഥാനത്തെ മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡ് ഉൾപ്പെടെ 32 വാർഡിലേക്ക് ഡിസംബർ ഏഴിന് നടത്തുന്ന ഉപതെരഞ്ഞെടുപ്പിൽ 115 സ്ഥാനാർഥികൾ. ഇതിൽ 21 പേർ സ്ത്രീകളാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ അറിയിച്ചു.
ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ അരൂർ ഡിവിഷനിൽ നാലും പാലക്കാട് ശ്രീകൃഷ്ണപുരം ഡിവിഷനിൽ മൂന്നും കോഴിക്കോട് നന്മണ്ട ഡിവിഷനിൽ മൂന്നും തിരുവനന്തപുരം കോർപറേഷനിലെ വെട്ടുകാട് വാർഡിൽ ആറും കൊച്ചി ഗാന്ധിനഗർ വാർഡിൽ ആറും സ്ഥാനാർഥികളുണ്ട്. നാല് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ 13ഉം 20 പഞ്ചായത്ത് വാർഡുകളിൽ 69 ഉം മൂന്ന് മുനിസിപ്പാലിറ്റി വാർഡിൽ 11 ഉം സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ്. വോട്ടെണ്ണൽ എട്ടിന് രാവിലെ 10ന്. കോവിഡ് മാനദണ്ഡം പാലിച്ചാണ് തെരഞ്ഞെടുപ്പ്.