അതേസമയം ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞിന്റേയും മാതാപിതാക്കളുടേയും ഫലം പോസിറ്റീവായി. ഡിഎന്‍എ പരിശോധന ഫലം സിഡബ്ല്യുസിക്ക് കൈമാറി. ഈ റിപ്പോര്‍ട്ട് സിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിക്കുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്ന് തവണ ഡിഎന്‍എ സാമ്പിള്‍ ക്രോസ് മാച്ച് ചെയ്തപ്പോഴും മാതാവ് അനുപമയും പിതാവ് അജിത്തുമാണെന്ന് ഫലം ലഭിച്ചെന്നാണ് റിപ്പോർട്ട്. രാജീവ് ഗാന്ധി ബയോ ടെക്നോളജി സെന്ററിലാണ് ഡിഎൻഎ പരിശോധന നടത്തിയത്. ഫലം പോസിറ്റീവായതിൽ സന്തോഷമുണ്ടെന്ന് അനുപമ പറഞ്ഞു.
കുഞ്ഞിന്റെ സാമ്പിൾ എടുത്ത ശേഷം ഇന്നലെ വൈകിട്ടോടെയാണ് അനുപമയുടേയും അജിത്തിന്റേയും ഡിഎൻഎ സാമ്പിൾ എടുത്തത്. നടപടി വേഗത്തിലാക്കുന്നതിൽ സന്തോഷമുണ്ടെന്നും ഒരുമിച്ച് ഡിഎൻഎ സാമ്പിൾ എടുക്കാത്തതിൽ ദുരൂഹതയുണ്ടെന്നും അനുപമ ആരോപിച്ചിരുന്നു.
അതേസമയം കുഞ്ഞിന്റെ അമ്മയ്ക്കൊപ്പമാണ് സർക്കാർ നിന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് പറഞ്ഞു. അനുപമയ്ക്ക് എത്രയും വേഗം കുഞ്ഞിനെ കിട്ടട്ടേയെന്ന് മന്ത്രി പറഞ്ഞു. അനുപമയുടെ കുഞ്ഞിനെ ദത്തെടുത്ത ദമ്പതികൾക്ക് ദത്ത് നടപടികളിൽ മുൻഗണന ലഭിക്കും. അവർക്ക് മുൻഗണന നൽകണമെന്ന് ദേശീയ അഡോപ്ഷൻ ഏജൻസിയെ അറിയിച്ചതായി മന്ത്രി കൂട്ടിച്ചേർത്തു.