കൽപ്പറ്റ > പ്രണയനൈരാശ്യത്തിൽ കോളേജ് വിദ്യാർഥിനിയെ കുത്തിപരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മണ്ണാർക്കാട് ശിവൻകുന്നിൽ അമ്പലക്കുളത്തിൽ വീട്ടിൽ ദീപു (23), സുഹൃത്ത് കിഴക്കേതിൽ ജിഷ്ണു (21) എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്. സംഭവം നടന്ന ലക്കിടി കോളേജ് പരിസരത്തെ ദേശീയപാതക്കരികിൽ പകൽ പന്ത്രണ്ടോടെ വൈത്തിരി എസ്എച്ച്ഒ ദിനേശ് കോറോത്തിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. തിങ്കളാഴ്ച വൈകിട്ട് നാലോടെയായിരുന്നു അക്രമം.
സംഭവസ്ഥലത്തുനിന്ന് കൃത്യം ചെയ്യാനുപയോഗിച്ച കത്തിയും കണ്ടെടുത്തു. ഫോറൻസിക് അധികൃതരും സ്ഥലത്തെത്തിയിരുന്നു. ഇരുവർക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു. വൈകിട്ട് കൽപ്പറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വിദ്യാർഥിനിയുമായി മൂന്നരവർഷമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹാഭ്യർഥന നിരസിച്ചതിനാലും മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലുമാണ് അക്രമിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
അതേസമയം സൗഹൃദം മാത്രമാണുണ്ടായിരുന്നതെന്നാണ് മേപ്പാടി വിംസ് മെഡിക്കൽ കോളേജാശുപത്രിയിൽ കഴിയുന്ന വിദ്യാർഥിനിയുടെ മൊഴി. അടിവാരത്തുനിന്നാണ് കത്തി വാങ്ങിയതെന്ന് പ്രതികൾ പറഞ്ഞു. വൈത്തിരി ലക്കിടി കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനിയായ പുൽപ്പള്ളി സ്വദേശിയാണ് ആക്രമണത്തിനിരയായത്.
നെറ്റിയിലും മുക്കിനും കവിളിലും കറിക്കത്തികൊണ്ട് കുത്തിവരഞ്ഞിടുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ദീപുവിനെ തൊട്ടടുത്ത വയലിൽവച്ച് നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജിഷ്ണു ബൈക്കിൽ രക്ഷപ്പെട്ടെങ്കിലും അടിവാരത്തുനിന്ന് പൊലീസ് പിടികൂടി. ജിഷ്ണുവിന് ഗൂഢാലോചന അറിയാമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.