തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുനർനിയമനം നൽകി. സർവകലാശാല വൈസ് ചാൻസലർക്ക് പുനർനിയമനം നൽകുന്ന പതിവില്ലാതിരിക്കെയാണ് അടുത്ത നാല് വർഷത്തേക്ക് ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ സർവകലാശാല വിസിയായി ഗവർണർ പുനർനിയമനം നൽകിയത്. ഇത് സംബന്ധിച്ച ഉത്തരവ് രാജ്ഭവൻ പുറത്തിറക്കി.
സർവകലാശാല വൈസ് ചാൻസലർമാർക്ക് സാധാരണ രീതിയിൽ പുനർനിയമം നൽകുക പതിവില്ല. എന്നാൽ നിയമനം നൽകിക്കൂടാ എന്നുമില്ല. വേണമെങ്കിൽ ചാൻസിലറുടെ വിവേചനാധികാരം ഉപയോഗിച്ച്വിസിക്ക് പുനർനിയമനം നടത്താമെന്നാണ് യൂണിവേഴ്സിറ്റി ചട്ടങ്ങളിൽ പറയുന്നതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഈ അവകാശം ഉപയോഗിച്ചാണ് ഗവർണർ പുനർനിയമനം നടത്തിയത്. എന്നാൽ ഇക്കാര്യത്തിൽ സെർച്ച്കമ്മറ്റിയുടെ റിപ്പോർട്ട് ഗവർണർക്ക് ലഭിച്ചിരുന്നോ എന്ന കാര്യത്തിലടക്കം വ്യക്തത വരേണ്ടതുണ്ട്.
2017 നവംബർ മുതൽ 2021 നവംബർ 22 വരെയാണ് ഗോപിനാഥ് രവീന്ദ്രൻ കണ്ണൂർ സർവകലാശാല വിസി സ്ഥാനത്ത് ഇരുന്നത്. കാലാവധി പൂർത്തിയായ ഇന്നലെ വൈകിട്ടോടെയാണ് ഔദ്യോഗികമായി പദവി ഒഴിയുകയും യാത്രയയപ്പ് ചടങ്ങ് നടത്തുകയും ചെയ്തത്.
എന്നാൽ ഇന്നലെ രാത്രി തന്നെ സർവകലാശാലവൈസ് ചാൻസ്ലറെ കണ്ടെത്തുന്നതിനുള്ള കമ്മറ്റി പിരിച്ചുവിട്ടിരുന്നു. ഇതോടെ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം ലഭിച്ചേക്കുമെന്ന തരത്തിൽ സൂചനകൾ പുറത്തുവന്നിരുന്നു.
Content Highlights:Gopinath Ravindran reappointed as Vice Chancellor of Kannur University