തിരുവനന്തപുരം: അനധികൃത ദത്ത് വിവാദത്തിൽ കുഞ്ഞിന്റെ ഡിഎൻഎ പരിശോധന ഫലം ഔദ്യോഗിമായി ലഭിച്ചിട്ടില്ലെങ്കിലും ഫലം അനുകൂലമായതിൽ ആശ്വാസവും സന്തോഷവുമെന്ന് അനുപമ എസ്. ചന്ദ്രൻ. ഇതുവരെ വലിയ പ്രതിസന്ധികളാണ് നേരിട്ടത്. കുഞ്ഞിനെ വൈകാതെ ലഭിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച അനുപമ, കേസിൽ ആരോപണ വിധേയരായവർക്കെതിരേ നടപടി എടുക്കുംവരെ സമരം തുടരുമെന്നും പറഞ്ഞു.
ഡിഎൻഎ പരിശോധനയുടെ ഫലം ഇതുവരെ ഔദ്യോഗികമായി ലഭിച്ചില്ലെന്ന് അനുപമ പ്രതികരിച്ചു. ഫലം ഔദ്യോഗികമായി ലഭിക്കാനായി സിഡബ്യുസിയുമായി ബന്ധപ്പെടും. ഫലം അനുകൂലമായതിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്. ഒരു വർഷത്തിലധികമായി ഈ വേദന അനുഭവിക്കുകയാണ്. ഫലം വന്നതോടെ വല്ലാത്ത ആശ്വാസമാണ്. കുഞ്ഞിനെ കൈയ്യിലേക്ക് ലഭിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ്. എത്രയും വേഗം കുഞ്ഞിനെ കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അനുപമ പറഞ്ഞു.
ഡിഎൻഎ പരിശോധനയുടെ ഔദ്യോഗിക ഫലത്തിനായി കാത്തിരിക്കുകയാണ്. കുഞ്ഞിനെ ലഭിക്കാനും ഇതുപോലെ തന്നെ കാത്തിരിക്കുകയാണ്. വലിയ പ്രതിസന്ധികൾ നേരിട്ടാണ് ഇതുവരെ എത്തിയത്. പരിശോധന ഫലത്തിൽ അട്ടിമറി നടന്നേക്കുമെന്ന് ഭയമുണ്ടായിരുന്നു. അതിന് കാരണം ഇവരിൽനിന്നൊക്കെ ഉണ്ടായ അനുഭവങ്ങളാണ്. സാധാരണ ഒരുമിച്ച് എടുക്കുന്ന സാമ്പിൾ വ്യത്യസ്തമായി എടുത്തപ്പോൾ ഭയം കൂടി. എന്നാൽ ഫലം അനുകൂലമായതിൽ സമാധാനമുണ്ട്, സന്തോഷമുണ്ട്.
ഫലം വന്നെങ്കിലും സമരം തുടരുമെന്നും അവർ പറഞ്ഞു. ഒരാവശ്യമാണ് കുഞ്ഞ്, മറ്റ് ആവശ്യങ്ങൾനിലനിൽക്കുകയാണ്. ആരോപണവിധേയരായവരെ പുറത്താക്കി,നിയമനടപടി എടുക്കണമെന്നുതന്നെയാണ് ആവശ്യം. അതുവരെ സമരം തുടരും. കുഞ്ഞിനെ കൈയ്യിൽ കിട്ടുന്നത് വരെ സമര മുറ ഇങ്ങനെ തന്നെ തുടരും. പിന്നീട് സമര മുറ മാറ്റുമെങ്കിലും സമരത്തിൽ നിന്ന് പിന്മാറില്ലെന്നും അവർ കൂട്ടിച്ചേർത്തു.
Content Highlights:Adoption row: Anupama S Chandran on DNA test