കൊല്ലത്തെ ഉത്ര വധക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സുധീർ. കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് വ്യക്തമായതോടെയാണ് ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റിയത്. ഉത്ര വധക്കേസിൽ സുധീർ വരുത്തിയ വീഴ്ചയെക്കുറിച്ചുള്ള പോലീസിന്റെ ആഭ്യന്തര അന്വേഷണം ഈ മാസമാണ് പൂർത്തിയായത്.
കൊല്ലം അഞ്ചൽ ഇടമുളയ്ക്കലിൽ മരിച്ച ദമ്പതികളുടെ മൃതദേഹം ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഒപ്പിടുന്നതിനായി സ്വന്തം വീട്ടിലേക്ക് എത്തിച്ച സംഭവത്തിലും സുധീർ അന്വേഷണം നേരിട്ടിട്ടുണ്ട്. 2020 ജൂണിലായിരുന്നു സംഭവം. അഞ്ചൽ സിഐ ആയിരുന്നു സുധീർ. അന്നത്തെ കൊല്ലം റൂറൽ എസ്പി ഹരിശങ്കർ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ ഗുരുതര കൃത്യവിലോപം നടത്തിയെന്നും അച്ചടക്ക നടപടി വേണമെന്നും വ്യക്തമാക്കിയിരുന്നു.
ആലുവയിൽ ഗാർഹിക പീഡനത്തെത്തുടർന്ന് ജീവനൊടുക്കിയ മോഫിയയുടെ ആത്മഹത്യാ കുറിപ്പിൽ സിഐക്കെതിരെ ഗുരുതര ആരോപണമാണുള്ളത്. തിങ്കളാഴ്ച ആലുവ സിഐയുടെ സാന്നിധ്യത്തിൽ വീട്ടുകാരുമായി നടത്തിയ മധ്യസ്ഥ ചർച്ചയിൽ സിഐ ഭർതൃവീട്ടുകാരെ ന്യായീകരിക്കുകയും പെൺകുട്ടിയോട് ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുകയും ചെയ്തിരുന്നതായി പരാതിയുണ്ട്. എന്നാൽ തൻ്റെ മുന്നിൽ വച്ച് പെൺകുട്ടി ഭർത്താവിനെ തല്ലിയെന്നും അത് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും സിഐ പറഞ്ഞു. സ്റ്റേഷനിൽ നിന്ന് മടങ്ങി വീട്ടിലെത്തി മുറി അടച്ചിട്ട ശേഷമാണ് മോഫിയ ജീവനൊടുക്കിയത്.
എൽഎൽബി വിദ്യാർത്ഥിനിയായിരുന്നു മരിച്ച മോഫിയ. മോഫിയയുടേയും സുഹൈലിന്റേയും പ്രണയ വിവാഹമായിരുന്നു. വിവാഹ ശേഷം കൂടുതൽ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട് സുഹൈലും വീട്ടുകാരും മോഫിയയുടെ മോൽ സമ്മർദ്ദം ആരംഭിച്ചു. ഇതോടെയാണ് മോഫിയ സ്വന്തം വീട്ടിലേക്ക് മടങ്ങി പോയത്. സിഐക്കെതിരെ നടപടി വേണമെന്ന് ആത്മഹത്യാ കുറിപ്പിൽ മോഫിയ ആവശ്യപ്പെട്ടിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, നിങ്ങള്‍ ഒറ്റയ്ക്കല്ല. സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ: ദിശ ഹെല്‍പ്പ്‍ലൈന്‍ – 1056 (ടോള്‍ ഫ്രീ)