കോഴിക്കോട്: വിമാനത്താവളങ്ങളിലെ പാർക്കിങ് സമയം വർധിപ്പിക്കുമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി. സമയപരിധി ഉയർത്തുന്ന തീരുമാനം ചൊവ്വാഴ്ചതന്നെ എടുക്കുമെന്ന് ഡയറക്ടർ അറിയിച്ചതായി സമദാനി വ്യക്തമാക്കി. സമയ പരിധി മൂന്ന് മിനുട്ടിൽ നിന്ന് ആറ്മിനുട്ട് ആയി ഉയർത്തുമെന്നാണ് ഡയറക്ടർ അറിയിച്ചിരിക്കുന്നത്. പത്തു മിനുട്ടെങ്കിലും ആക്കണമെന്നാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നതെന്നും സമദാനി പ്രസ്താവനയിൽ അറിയിച്ചു.
സമയപരിധി ഉയർത്തിക്കൊണ്ടുള്ള തീരുമാനം ബുധനാഴ്ച രാവിലെ മുതൽ നിലവിൽ വരും. സമയപരിധി പത്ത് മിനിറ്റായി ഉയർത്തുന്ന കാര്യം, പുതിയ സമയപരിധി നടപ്പാക്കുന്നതിനെ ത്തുടർന്നുള്ള സാഹചര്യവും സെക്യൂരിറ്റി അടക്കമുളള വിഷയങ്ങൾ പരിഗണിച്ചും വേണ്ടി വന്നാൽ ആലോചിക്കാമെന്നും ഡയറക്ടർ പറഞ്ഞിട്ടുണ്ട്. സമയപരിധി ഉയർത്തിക്കൊണ്ടുള്ള തീരുമാനം നാളെ കാലത്ത് മുതൽ പ്രാവർത്തികമാക്കാവുന്ന രീതിയിൽ ഇന്ന് വൈകീട്ട് എടുക്കുമെന്ന് ഡയറക്ടർ അറിയിച്ചതായും പ്രസ്താവനയിൽ പറയുന്നു.
വിമാനത്താവളങ്ങളിൽ ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെ പേരിൽ നടക്കുന്ന ചൂഷണം അവസാനിപ്പിക്കണമെന്ന ആവശ്യം പാർലിമെന്റംഗങ്ങളടക്കമുള്ള ജനപ്രതിനിധികൾ നേരത്തെത്തന്നെ ഉന്നയിച്ചു പോന്നതാണ്. പക്ഷെ, യുഎഇയിലേക്കുള്ള യാത്രക്കാരുടെ കാര്യത്തിൽ വൻസഖ്യ ഫീസ് ഈടാക്കുകയാണ്. അടുത്ത ദിവസം ആരംഭിക്കാനിരിക്കുന്ന പാർലമെന്റ് സമ്മേളന വേളയിൽ ഇക്കാര്യത്തിലുള്ള ശക്തമായ എതിർപ്പ് മറ്റു അംഗങ്ങൾക്കൊപ്പം അധികൃതകേന്ദ്രങ്ങളിൽ അറിയിക്കുമെന്നും സമദാനി വ്യക്തമാക്കി.