കുവൈത്ത് സിറ്റി > പന്ത്രണ്ടാമത് പ്രവാസി സാഹിത്യോത്സവിനോടനുബന്ധിച്ച് കലാലയം സാംസ്കാരിക വേദി കുവൈത്ത് നാഷണൽ കമ്മിറ്റി പ്രവാസി മലയാളി എഴുത്തുകാർക്കായി ഏർപ്പെടുത്തിയ കലാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കഥ, കവിത വിഭാഗങ്ങളിൽ അതാത് ഗൾഫ് രാജ്യങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഓരോരുത്തർക്കാണ് കലാലയം പുരസ്കാരം സമ്മാനിക്കുക. കുവൈത്തിലെ മലയാളി എഴുത്തുകാർക്കിടയിൽ നിന്ന് ലഭിച്ച എൻട്രികളിൽ നിന്ന് കഥാ പുരസ്കാരത്തിന് റീന രാജന്റെ ‘വർണ്ണങ്ങൾ’ എന്ന കഥയും കവിതാ പുരസ്കാരത്തിന് സോഫിയ ജോർജ്ജിന്റെ ‘കൂട്ട്’ എന്ന കവിതയുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
നാഷനൽ പ്രവാസി സാഹിത്യോത്സവ് സാംസ്കാരിക സംഗമത്തിൽ ഐസിഎഫ് കുവൈത്ത് നാഷണൽ ഫൈനാൻസ് സെക്രട്ടറി അഹ്മദ് കെ മാണിയൂർ വിജയികളെ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തിൽ വിവിധ മേഖലകളിൽ സംഭാവനകൾ അർപ്പിച്ച പ്രശസ്ത സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ കെ പി രാമനുണ്ണി ചെയർമാനായുള്ള ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്. താഴെ തട്ടിലുള്ള തൊഴിലാളികൾ മുതൽ കുടുംബിനികൾ വരെയുള്ളവരുടെ രചനകൾ മത്സരത്തിന് എത്തിയിരുന്നു. മനുഷ്യ പക്ഷത്ത് നിൽക്കുന്ന സൃഷ്ടികളാണ് കൂടുതൽ ലഭിച്ചതെന്ന് ജൂറി അഭിപ്രായപ്പെട്ടു. പുരസ്കാരങ്ങൾ പിന്നീട് വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.