തിരുവനന്തപുരം
കൃഷിക്കാരുടെ വർഗഐക്യത്തിനുമുന്നിൽ കേന്ദ്ര സർക്കാരിന്റെ വർഗീയ നീക്കങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നുവെന്ന് അഖിലേന്ത്യാ കിസാൻസഭ ജോയിന്റ് സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞു. വർഗപരമായ ഐക്യത്തെ ഒരു ശക്തിക്കും ഭിന്നിപ്പിക്കാനാകില്ലെന്ന് കർഷക സമരം തെളിയിച്ചു. കാർഷിക നിയമങ്ങളിലൂടെ സാധാരണ കർഷകരെയും ഉപഭോക്താക്കളെയും ഒരുപോലെ ചൂഷണം ചെയ്യാൻ കുത്തകകൾക്ക് അവസരം ഒരുക്കുകയായിരുന്നു.
ജനാധിപത്യത്തെ അട്ടിമറിച്ചാണ് നിയമങ്ങൾ പാസാക്കിയത്. കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സാംസ്കാരിക വിഭാഗം രചന സംഘടിപ്പിച്ച “കർഷകസമരം അനുഭവം സാക്ഷ്യം’ പരിപാടിയിൽ കർഷക സമരഭൂമിയിലെ സമരാനുഭവങ്ങൾ പങ്കുവച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷക സമരവേദിയായ ഷാജഹാൻപുരിൽ സമര ഭടന്മാർക്കൊപ്പം അണിചേർന്ന ബാലസംഘം ചവറ ഏരിയ സെക്രട്ടറി നൃപൻ എൽ കൊച്ചയ്യത്തിനെ പരിപാടിയിൽ ആദരിച്ചു. കെ കെ രാഗേഷ് ഉപഹാരം നൽകി. അസോസിയേഷൻ പ്രസിഡന്റ് പി ഹണി അധ്യക്ഷനായി. രചന കൺവീനർ എസ് ബിനു, പൂവത്തൂർ ചിത്രസേനൻ എന്നിവർ സംസാരിച്ചു.