തൃപ്പൂണിത്തുറ
സിപിഐ എം തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി അംഗവും നഗരസഭാ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനുമായ കെ ടി സൈഗാൾ (45) അന്തരിച്ചു. ഇരുമ്പനം കാവരപ്പറമ്പിൽ പരേതനായ കെ വി തങ്കപ്പന്റെയും അമ്മിണിയുടെയും മകനാണ്. വീടിനുള്ളിൽ കുഴഞ്ഞുവീണതിനെ തുടർന്നാണ് മരണം. പീപ്പിൾസ് സഹകരണ ബാങ്ക് വൈസ് ചെയർമാനും വിവിധ തൊഴിലാളി യൂണിയനുകളുടെ ഭാരവാഹിയുമായിരുന്നു.
വിദ്യാർഥി–-യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. തൃപ്പൂണിത്തുറ മേഖലയിലെ ശ്രദ്ധേയനായ യുവജനനേതാവായിരുന്നു. പൊലീസിന്റെ ക്രൂരമായ ലോക്കപ്പുമർദനത്തിന് ഇരയായിട്ടുണ്ട്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഐ എം ഇരുമ്പനം ലോക്കൽ സെക്രട്ടറിയുമായിരുന്നു. രണ്ടുതവണ തൃപ്പൂണിത്തുറ നഗരസഭാംഗമായി.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏതാനും ദിവസം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസമാണ് വീട്ടിൽ തിരിച്ചെത്തിയത്. തിങ്കൾ അർധരാത്രിയോടെ ശുചിമുറിയിൽ കുഴഞ്ഞുവീണു. തുടർന്ന് തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: സൗമ്യ. മക്കൾ: അനുപം, ഹാശ്മി. സഹോദരങ്ങൾ: കെ ടി സുരേഷ്, ദിനജ.
ചൊവ്വ പകൽ മൂന്നുവരെ വീട്ടിലും തുടർന്ന് പീപ്പിൾസ് സഹകരണ ബാങ്കിലും നഗരസഭാ ഓഫീസിലും പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം വെെകിട്ട് അഞ്ചിന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ.