ധർമടം
കളിക്കുന്നതിനിടെ ലഭിച്ച ഐസ്ക്രീം ബോളിൽ നിറച്ച ബോംബ് പൊട്ടി വിദ്യാർഥിക്ക് പരിക്ക്. പാലയാട് നരിവയലിലെ പിഎസ് ഹൗസിൽ ശ്രീവർധ് പ്രദീപി (12) നാണ് പരിക്കേറ്റത്. കൈക്കും വയറിനും കാലിനും പരിക്കേറ്റ കുട്ടിയെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആർഎസ്എസ്സുകാർ കേന്ദ്രീകരിക്കുന്ന സ്ഥലമാണിത്. തിങ്കൾ പകൽ രണ്ടോടെയാണ് സംഭവം. പാലയാട് ഡയറ്റ് ലേഡീസ് ഹോസ്റ്റലിന് പുറകുവശത്തെ വീട്ടുമുറ്റത്ത് പന്ത് കളിക്കുകയായിരുന്നു ശ്രീവർധ്. പന്ത് തെറിച്ച് ലേഡീസ് ഹോസ്റ്റലിന്റെ പിറകുവശത്തേക്ക് വീണു. പന്തെടുക്കുന്നതിനിടെ കുറ്റിക്കാട്ടിൽ കണ്ട മൂന്ന് ഐസ്ക്രീം ബോൾ കുട്ടികൾ എടുത്ത് മുകളിലേക്ക് എറിഞ്ഞതിനിടെയാണ് പൊട്ടിയത്. ശബ്ദംകേട്ടെത്തിയ നാട്ടുകാർ ഉടൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. കൂടെയുള്ള രണ്ടു കുട്ടികൾ പരിക്കേൽക്കാതെ രക്ഷപെട്ടു. പ്രദീപിന്റെയും ദിവ്യയുടെയും മകനാണ് കടമ്പൂർ ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയായ ശ്രീവർധ്. ബോംബ് സ്ക്വാഡ് ബോംബുകൾ നിർവീര്യമാക്കി.