സാമ്പിൾ എടുത്തത് തന്റെ കുഞ്ഞിന്റെ തന്നെയാണോയെന്ന് ഉറപ്പില്ല. അക്കാര്യത്തിൽ ആശങ്കയുണ്ടെന്ന് അനുപമ പറഞ്ഞു. സാമ്പിൾ ശേഖരിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചിരുന്നില്ല. ഫോട്ടോ മാത്രമാണ് എടുത്തത്- അനുപമ പറഞ്ഞു. നാളെ വൈകുന്നേരത്തിനകം, അല്ലെങ്കിൽ മറ്റന്നാൾ ഫലം ലഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നതെന്നും അനുപമ വ്യക്തമാക്കി.
കുഞ്ഞിനെ താമസിപ്പിക്കുന്ന നിർമ്മല ശിശുഭവനിൽ എത്തിയാണ് രാജീവ് ഗാന്ധി ബയോടെക്നോളജിയിലെ ഉദ്യോഗസ്ഥർ കുഞ്ഞിന്റെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചത്. പരിശോധനയിൽ അട്ടമറി സാധ്യത സംശയിക്കുന്നതായി അനുപമ പറഞ്ഞിരുന്നു. സാമ്പിൾ ശേഖരിക്കാൻ കൊണ്ടുവന്ന കുഞ്ഞ് തന്റെതന്നെയാണോയെന്നും വേറെ കുഞ്ഞിനെ കൊണ്ടുവരില്ലെന്ന് എന്താണ് ഉറപ്പെന്നും അനുപമ ചോദിച്ചു.
അതേസമയം അനുപമയുടേതെന്നു കരുതുന്ന ആൺകുഞ്ഞിനെ കേരളത്തിലേക്ക് കൊണ്ടുവന്നു. ആന്ധ്രയിലെ വിജയവാഡയിൽ നിന്നാണ് കുഞ്ഞിനെ കൊണ്ടുവന്നത്. ക്രൈം ബ്രാഞ്ചിന്റെ രണ്ട് എസ്ഐമാരും ഒരു ഉദ്യോഗസ്ഥയും ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥയുമാണ് കുഞ്ഞിനെ സ്വീകരിക്കാൻ പോയ സംഘത്തിൽ ഉണ്ടായിരുന്നത്. കുട്ടിയെ തിരികെ കൊണ്ടുപോകുന്ന വിവരം കുഞ്ഞിന്റെ താൽക്കാലിക സംരക്ഷണ ചുമതലയുണ്ടായിരുന്ന അധ്യാപക ദമ്പതികളെ നേരത്തെ അറിയിച്ചിരുന്നു.
കോടതിയുടെ ഉത്തരവില്ലാതെ കുഞ്ഞിനെ കൈമാറിയാൽ നിയമ പ്രശ്നം ഉണ്ടാകുമോയെന്ന് ദമ്പതികൾക്ക് ഉദ്യോഗസ്ഥരിൽ നിന്നും ചോദിച്ചറിഞ്ഞു. കോടതിയുടെ നിർദ്ദേശം ഉദ്യോഗസ്ഥർ ദമ്പതികളെ അറിയിച്ചു. കുഞ്ഞിന്റെ അമ്മയ്ക്ക് നീതി ലഭിക്കണമെന്ന നിലപാടാണ് ദമ്പതികൾക്ക് ഉണ്ടായിരുന്നത്. പുതിയ വസ്ത്രങ്ങൾ വാങ്ങി നൽകിയാണ് ദമ്പതികൾ കുഞ്ഞിനെ യാത്രയാക്കിയത്. നടപടികൾ പൂർത്തിയാക്കാൻ തടസങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കുഞ്ഞിനെ തിരികെ നൽകേണ്ടിവന്ന സാഹചര്യത്തിൽ വീണ്ടും കുഞ്ഞിനു വേണ്ടി അപേക്ഷിച്ചാൽ ദമ്പതികൾക്ക് മുൻഗണന ലഭിക്കും. കുഞ്ഞിനെ ദത്തെടുക്കുമ്പോൾ നടപടി ക്രമങ്ങൾ പാലിച്ചിരുന്നെന്ന് ദമ്പതികൾ പറഞ്ഞു.