കോട്ടയം: മുല്ലരിയാർ സന്ദർശിക്കാനെത്തിയ എം.പിമാരായ എൻ.കെ. പ്രേമചന്ദ്രനും ഡീൻ കുര്യാക്കോസിനും അനുമതി നിഷേധിച്ചു. ചീഫ് സെക്രട്ടറിക്കടക്കം കത്ത് നൽകിയിരുന്നെന്നും എന്നാൽ അനുമതി നിഷേധിക്കുകയായിരുന്നെന്നും എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു.
നിരവധി തവണ അനുമതിക്കായി ജില്ലാ കളക്ടറുമായും വനംവകുപ്പ് ഉദ്യോഗസ്ഥരുമായും സംസാരിച്ചു. ചീഫ് സെക്രട്ടറിയുമായും സംസാരിച്ചു. ബോട്ടില്ല, മഴയുണ്ട് തുടങ്ങിയ സാങ്കേതികമായ മറുപടികളാണ് ചീഫ് സെക്രട്ടറി പറഞ്ഞത്. കൃത്യമായ ഒരു മറുപടി പറയാൻ ചീഫ് സെക്രട്ടറിക്കായില്ല. കേരളവും തമിഴ്നാടും തമ്മിലുണ്ടാക്കിയിരിക്കുന്ന അന്തർധാരയുടെ ഭാഗമായാണ് ഈ നടപടിയെന്നും എൻ.കെ. പ്രേമചന്ദ്രൻ ആരോപിച്ചു.
സംസ്ഥാന പോലീസിനാണ് മുല്ലപ്പെരിയാറിന്റെ സുരക്ഷാചുമതല. ജില്ല കളക്ടറോ എസ്.പിയോ ആണ് ഇത് സംബന്ധിച്ച് മറുപടി നൽകേണ്ടത്. എന്നാൽ ഈ സംഭവത്തിൽ രേഖാമൂലമുള്ള നിർദേശങ്ങളൊന്നും പോലീസിനോ വനം വകുപ്പിനോ ലഭിച്ചിട്ടില്ല.
ഡാം സന്ദർശിക്കാനായി ബോട്ട് വേണമെന്ന് പ്രേമചന്ദ്രൻ വനംവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് ജില്ലാ കളക്ടറുടേയോ എസ്.പിയുടേയോ അനുമതി വേണമെന്നായിരുന്നു മറുപടി. ഇതിനെ തുടർന്ന് എസ്.പിയുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടികളൊന്നും ലഭിച്ചില്ലെന്ന് എം.പിമാർ പറയുന്നു. തുടർന്ന് അനുമതി ഇല്ലാത്തതിനാൽ അങ്ങോട്ട് പോകേണ്ട എന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു.
Content Highlights: NK Premachandran,Mullaperiyar dam