തിരുവനന്തപുരം: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ച് സംസ്ഥാന സർക്കാർ. കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമണം വർധിച്ചു വരികയാണ്.വൻതോതിലുള്ള നഷ്ടങ്ങൾ കർഷകർക്ക് ഇതുമൂലം ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ പരിഹാരം തേടി വനംമന്ത്രി എ കെ ശശീന്ദ്രൻ ഡൽഹിയിലെത്തിയത്. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവുമായിമന്ത്രി ശശീന്ദ്രൻ കൂടിക്കാഴ്ച നടത്തും.
കാട്ടു പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചു കൊണ്ട് സാധാരണക്കാരായ കർഷകർക്ക് ഉൾപ്പെടെയുള്ളവർക്ക് ഇതിനെ വെടിവെച്ചു കൊല്ലാനുള്ള അവകാശം നൽകുക എന്ന ആവശ്യമാകും സംസ്ഥാനം ഉന്നയിക്കുക. എന്നാൽകാട്ടുപന്നികളെ വെടിവച്ചു കൊല്ലുക എന്നത് ദീർഘകാലംസാധ്യമാകില്ല എന്നതുകൊണ്ട് ഇക്കാര്യത്തിൽ ദീർഘകാല പരിഹാരത്തിന് വേണ്ടിയുള്ള നടപടി ഉണ്ടാക്കണമെന്നും മന്ത്രി കൂടിക്കാഴ്ചയിൽ ആവശ്യപ്പെടും.
എന്തുകൊണ്ടാണ് ഇത്തരം വന്യജീവികൾ കാടുവിട്ട് നാടുകളിലേക്ക് ഇറങ്ങുന്നത് എന്നത് സംബന്ധിച്ച് ഒരു ശാസ്ത്രീയ പഠനം തന്നെ ഉണ്ടാകണം. ആ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിൽ വന്യ ജീവികൾക്ക് കാട്ടിൽ തന്നെ കഴിയാനുള്ള ഒരു അന്തരീക്ഷം ഉണ്ടാക്കാനുള്ള ശ്രമങ്ങളും ഉണ്ടാക്കണമെന്ന് മന്ത്രി കൂടിക്കാഴ്ചയിൽ കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെടും.
അഞ്ചുവർഷത്തിനുള്ളിൽ കൃഷിനാശം വരുത്തിയ 10,335 സംഭവമുണ്ടായെന്നും വനംവകുപ്പ് 5.54 കോടി രൂപ കർഷകർക്ക് നഷ്ടപരിഹാരമായി നൽകിയെന്നും നാലുപേർ മരിച്ചെന്നുമുള്ള കണക്കുകൾ നിരത്തിയാണിത്.
കാട്ടുപിന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് നേരത്തേത്തന്നെ കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നാലുകാര്യങ്ങളിൽ വിശദീകരണം തേടിഈ ആവശ്യം തിരിച്ചയക്കുകയായിരുന്നു. മറുപടിയോടൊപ്പമാണ് കണക്കുകൂടിവെച്ച് വീണ്ടും കേന്ദ്രത്തെ സമീപിക്കുന്നത്. ജാഗ്രതാസമിതികൾ ചേർന്ന് എംപാനൽഡ് ചെയ്ത കർഷകർക്ക് ഇപ്പോൾ വെടിവെച്ചുകൊല്ലാമെങ്കിലും വനംവകുപ്പിനെ അറിയിച്ച് മഹസർ തയ്യാറാക്കുകയും അവരുടെ അനുമതിയോടെ മറവുചെയ്യുകയും വേണം.
തോക്കുപയോഗിക്കാൻ ലൈസൻസ് ഉള്ളവർക്കേ വെടിവെക്കാൻ അനുമതിയുള്ളൂ. കടുത്ത നിയമമായതിനാൽ പലരും വെടിവെച്ചുകൊല്ലാൻ മടിക്കുന്നു. 1972-ലെ വന്യജീവി സംരക്ഷണനിയമത്തിലെ പട്ടിക മൂന്നിൽനിന്ന് പട്ടിക അഞ്ചിലേക്കുമാറ്റി കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ കർഷകർക്ക് നടപടിക്രമങ്ങളില്ലാതെ വെടിവെച്ചുകൊല്ലാം.
Content Highlights: State to seek Centres approval to declare wild boar as vermin