തിരുവനന്തപുരം: ദത്തുവിവാദത്തിൽ കുഞ്ഞിന്റെ ഡിഎൻഎ പരിശോധന നടത്തണമെന്ന് സംസ്ഥാന സർക്കാർ കോടതിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അനുപമയാണ് ആ കുഞ്ഞിന്റെ അമ്മയെങ്കിൽ അത് എത്രയും വേഗം അവർക്ക് തന്നെ കിട്ടട്ടെ എന്നാണ് ആഗ്രഹിക്കുന്നത്. ദത്ത് നടപടികളുള്ളതിനാൽ ഇടപെടാവുന്ന പരമാവധി ഇടപ്പെട്ടിട്ടുണ്ട്. കുഞ്ഞിന്റെ സംരക്ഷണവും അതിന്റെ അവകാശങ്ങളും സംരക്ഷിക്കുക എന്നത് സർക്കാരിന്റെ മുന്നിലുള്ള പ്രധാന കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.
ശിശുക്ഷേമ വികസന സമിതിക്ക് ദത്ത് ലൈസൻസില്ല എന്ന വാർത്ത തെറ്റാണ്. അടുത്ത വർഷം ഡിസംബർ വരെ ദത്ത് നൽകാനുള്ള ലൈസൻസ് ശിശുക്ഷേമ സമിതിക്കുണ്ട്. വകുപ്പുതല അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്നോ നാളെയോ കിട്ടും. ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്നത് ഈ റിപ്പോർട്ടിലുണ്ടാകും. അനുപമയെ നിരുത്സാഹപ്പെടുത്തുന്ന ഒരു നടപടിയും പ്രസ്താവനയും വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും വീണാ ജോർജ് അറിയിച്ചു.
ഇതിനിടെ കുഞ്ഞിന്റെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. രാജീവ്ഗാന്ധി സെന്റർ അധികൃതരാണ് സാമ്പിളെടുത്തത്. അനുപമയുടെയും അജിത്തിന്റെയും ഡിഎൻഎ സാമ്പിൾ ഉച്ചയ്ക്ക് രണ്ടു മണിയോടെ എടുക്കും.