ജസ്റ്റിസ് ആര്‍ നാരായണ പിഷാരടിയാണ് ഒക്ടോബര്‍ 31ന് പുറത്തിറക്കിയ ഉത്തരവിൽ ഇക്കാര്യം വ്യക്തമാക്കിയത്. സമ്മതം നല്‍കിയെന്നത് സ്വയം സമര്‍പ്പിച്ചു എന്നു തെറ്റിദ്ധരിക്കരുത് എന്നും അദ്ദേഹം വ്യക്തമാക്കി. പീഡനക്കേസിൽ കുറ്റവാളിയെന്നു കണ്ടെത്തിയ വിചാരണക്കോടതി ഉത്തരവിനെതിരെ 26കാരനായ ശ്യാം ശിവൻ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം ലൈംഗികബന്ധത്തിന് വഴങ്ങുന്നത് സമ്മതമായി കണക്കാക്കാനാകില്ലെന്ന് കോടതി പറഞ്ഞു. “ഒഴിവാക്കാനാകാത്ത സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന നിസ്സഹായാവസ്ഥ നിയമത്തിൽ പറഞ്ഞിരിക്കുന്ന സമ്മതമായി കണക്കാക്കാൻ കഴിയില്ല.” കോടതി ഉത്തരവിൽ പറഞ്ഞതായി ലൈവ് ലോ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. “ചെയ്തു കഴിഞ്ഞാലുള്ള പ്രത്യാഘാതത്തെക്കുറിച്ചുള്ള ബോധ്യവും ഇതിൻ്റെ ധാര്‍മികവശത്തെക്കുറിച്ചുള്ള തിരിച്ചറിവും സമ്മതം (consent) നല്‍കുന്നതിൽ പ്രധാനമാണ്.” കോടതി വ്യക്തമാക്കി.
Also Read:
2013ൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസിലായിരുന്നു കേരള ഹൈക്കോടതിയുടെ സുപ്രധാന പരാമര്‍ശങ്ങൾ. ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരമായിരുന്നു ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ക്ക് പ്രതിയ്ക്കെതിരെ കേസെടുത്തത്. പ്രണയത്തിലായിരുന്ന യുവതിയുമായി കര്‍ണാടകയിലെ മൈസൂരിലേയ്ക്ക് യാത്ര നടത്തിയ പ്രതി അവിടെ വെച്ച് യുവതിയുമായി സമ്മതമില്ലാതെ ലൈംഗികബന്ധത്തിൽ ഏര്‍പ്പെട്ടെന്നുമാണ് കേസിലെ രേഖകൾ ഉദ്ധരിച്ചുള്ള വാര്‍ത്താ ഏജൻസിയായ പിടിഐയുടെ റിപ്പോര്‍ട്ട്. കൂടാത പ്രതി യുവതിയുടെ സ്വര്‍ണാഭരണങ്ങളെല്ലാം കൈക്കലാക്കി വിൽക്കുകയും പിന്നീട് ഗോവയ്ക്ക് കൊണ്ടു പോയി ഇവിടെ വെച്ച് വീണ്ടും പീഡനത്തിന് ഇരയാക്കുകയും ചെയ്തെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. തന്നോടൊപ്പം വന്നില്ലെങ്കിൽ വീടിനു മുന്നിൽ വെച്ച് ആത്മഹത്യ ചെയ്യുമെന്ന് യുവാവ് യുവതിയോടു ഭീഷണിപ്പെടുത്തുകയും ചെയ്തു.
Also Read:
ചില സാഹചര്യങ്ങളിൽ പ്രതിയുമായി യുവതി ലൈംഗികബന്ധത്തിന് വിമുഖത കാണിച്ചിരുന്നില്ലെങ്കിൽ പോലും ഇത് ലൈംഗികബന്ധത്തിനുള്ള സമ്മതമായി കാണാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. ഇത് യുവതിയ്ക്കു മുന്നിൽ മറ്റു വഴികള്‍ ഇല്ലാതിരുന്നതു കൊണ്ടാണെന്നും കോടതി വ്യക്തമാക്കി.
Also Read:
അതേസമയം, ഇരയുടെ പ്രായം സംബന്ധിച്ച് വ്യക്തതക്കുറവുള്ളതിനാൽ പ്രതിയ്ക്കെതിരെ പോക്സോ നിയമം ചുമത്താൻ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ യുവതിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന കുറ്റം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി.