കൂത്താട്ടുകുളം: സംസ്ഥാന സർക്കാരിന്റെ പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റ് വിറ്റത് കൂത്താട്ടുകുളത്ത്. ആർ.എ. 591801 എന്ന നമ്പറിലുള്ള ടിക്കറ്റ് കൂത്താട്ടുകുളം കിഴകൊമ്പ് പോസ്റ്റോഫീസ് പടിയൽ ലോട്ടറിവിൽപ്പന നടത്തുന്ന മോളേപറമ്പിൽ ജേക്കബ് കുര്യനാണ് വിറ്റത്.
കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് സമീപമുള്ള സീയാന്റെസ് ലക്കി സെന്ററിൽനിന്നാണ് ടിക്കറ്റുകൾ വാങ്ങിയത്.
യാക്കോബും കാത്തിരിക്കുന്നു, കോടിപതിയെ
കൂത്താട്ടുകുളം: 15 വർഷമായി ലോട്ടറിവില്പന നടത്തുന്ന കിഴകൊമ്പുകാരുടെ യാക്കോബിന്റെ കടയിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞതോടെ തിരക്കേറി. പൂജാ ബംബർ ലോട്ടറിയിൽ ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയ കോടിപതിയെക്കുറിച്ചറിയാനായിരുന്നു ആളുകൂടിയത്. ചാനൽ വാർത്തകളിലും സമൂഹ മാധ്യമങ്ങളിലും കൂത്താട്ടുകുളത്ത് കിഴകൊമ്പിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം എന്ന് പ്രചരിച്ചതോടെയാണ് ആളുകൾ എത്തിയത്.
സീയാന്റസ് ഏജൻസിയിൽ നിന്നാണ് ജേക്കബ് കുര്യനെ (യാക്കോബ്), ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് സംബന്ധിച്ച വിവരം അറിയിക്കുന്നത്. വീണ്ടും തിരിച്ച് ഏജൻസിയിലേക്കു വിളിച്ച് വിവരം ഉറപ്പാക്കി. ആർ.എ. സീരീസിലുള്ള പത്ത് ടിക്കറ്റുകളാണ് ജേക്കബ് വാങ്ങിയത്. പത്തും വിറ്റു.
ടിക്കറ്റ് വാങ്ങിയവരിൽ ഓർമയിലുള്ള ചുരുക്കംപേരെ വിളിച്ചുചോദിച്ചു. ഭാഗ്യശാലിയെ കണ്ടെത്താനായില്ല. തൊട്ടടുത്ത നമ്പറുകളിലുള്ള ടിക്കറ്റുകൾ കൈവശമുള്ളവർ കടയിലെത്തി. ടിക്കറ്റ് കൈവശമുള്ള കോടിപതിയെക്കുറിച്ചുള്ള അന്വേഷണത്തിൽ നാട്ടുകാരും വീട്ടുകാരും സഹായത്തിനുണ്ട്. 50 വർഷത്തിലധികമായി കിഴകൊമ്പിൽ ജേക്കബ് കുര്യന്റെ കുടുംബം വ്യാപാരം നടത്തുന്നു.
യാക്കോബ് എന്ന് കിഴകൊമ്പുകാർ സ്നേഹത്തോടെ വിളിക്കുന്ന ജേക്കബ് കുര്യൻ ശാരീരിക വെല്ലുവിളിയുള്ളയാളാണ്. വടകര സെയിന്റ് ജോൺസ് സ്കൂളിലെ പഠനത്തിനുശേഷം അച്ഛനോടൊപ്പം വ്യാപാരത്തിൽ സഹായിയായി കൂടിയതാണ്.
പിന്നീട് കട സ്വന്തം ചുമതലയിലായി. 15 വർഷം മുമ്പ് ലോട്ടറിവില്പനയും തുടങ്ങി. ഭാര്യ: ഗ്രേസി. മകൻ: ജോജി ജോൺ.