പാലക്കാട്: സഞ്ജിത്തിന്റെ കൊലപാതകത്തിൽ പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയത് ആരാണെന്ന ചോദ്യത്തിന് സംസ്ഥാന സർക്കാരും പോലീസും ഉത്തരം പറയണമെന്ന് സുരേഷ് ഗോപി എം.പി. വെട്ടേറ്റുകൊല്ലപ്പെട്ട ആർ.എസ്.എസ്. പ്രവർത്തകൻ സഞ്ജിത്തിന്റെ എലപ്പുള്ളിയിലുള്ള വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികളെ വേഗം പിടികൂടി സാമൂഹികനീതി ഉറപ്പാക്കുകയാണ് വേണ്ടത്. കൊലപാതകത്തിനുശേഷം പ്രതികൾ രക്ഷപ്പെട്ട പാതകളിൽ നിരീക്ഷണമില്ല. കൊലപാതക വിവരമറിഞ്ഞ പോലീസും അനങ്ങിയില്ല.
പോലീസിന് വിവരം ലഭിക്കുമ്പോൾ ആരൊക്കെ ഡ്യൂട്ടിയിലുണ്ടായിരുന്നോ അവരെല്ലാം ഇതിന് ഉത്തരം പറയണം. പോലീസിന്റെ അന്വേഷണം സംബന്ധിച്ച് സംസ്ഥാന സർക്കാർ അന്വേഷിക്കുകയും പോലീസിനോട് ഉത്തരംപറയിക്കുകയും വേണം. അല്ലെങ്കിൽ നമുക്ക് വേറെ വഴിനോക്കാമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കുകയാണ് വേണ്ടത്.
എല്ലാവരെയും മനുഷ്യനെന്ന നിലയ്ക്ക് കണ്ടാൽ മതി. അതിൽ രാഷ്ട്രീയമോ ജാതിയോ വർഗമോ വിഭാഗമോ ഒന്നും വേർതിരിക്കേണ്ട. പോലീസ് ഉദ്യോഗസ്ഥരെങ്കിലും മനുഷ്യരാകാൻ ശ്രമിക്കണമെന്നും സുരേഷ്ഗോപി കൂട്ടിച്ചേർത്തു.
ഞായറാഴ്ച വൈകീട്ടാണ് സുരേഷ് ഗോപി എലപ്പുള്ളിയിലെ സഞ്ജിത്തിന്റെ വീട്ടിലെത്തിയത്. സഞ്ജിത്തിന്റെ ഭാര്യയോടും വീട്ടുകാരോടും കാര്യങ്ങളന്വേഷിച്ച സുരേഷ് ഗോപി അവരെ ആശ്വസിപ്പിച്ചു.
ബി.ജെ.പി. സംസ്ഥാന ഖജാൻജി ഇ. കൃഷ്ണദാസ്, മണ്ഡലം അധ്യക്ഷൻ എം. സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.