തൃശൂർ
കോവിഡിന്റെ പശ്ചാത്തലത്തിൽ അടച്ച, നാഷണൽ ടെക്സ്റ്റൈൽസ് കോർപറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന രാജ്യത്തെ 23 ടെക്സ്റ്റൈൽ മില്ലുകൾ തുറക്കാൻ കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം തയ്യാറാവണമെന്ന് തൃശൂരിൽ ചേർന്ന സേവ് എൻടിസി സൗത്ത് സോൺ കൺവൻഷൻ ആവശ്യപ്പെട്ടു. മിൽ തുറന്നു പ്രവർത്തിക്കാൻ കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയവും എൻടിസി മാനേജ്മെന്റും തയ്യാറായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാൻ കൺവൻഷൻ തീരുമാനിച്ചു. എൻടിസി മില്ലുകൾ തുറക്കണമെന്നാവശ്യപ്പെട്ട് 30ന് രാജ്യത്തെ 23 മില്ലുകൾക്കു മുന്നിൽ ധർണ നടത്തും.
തെക്കേ ഇന്ത്യയിലെ എൻടിസി മില്ലുകളിൽ പ്രവർത്തിക്കുന്ന ടെക്സ്റ്റൈൽ ഫെഡറേഷനുകളുടെ സംയുക്ത ലീഡർഷിപ് കൺവൻഷനിൽ സേവ് എൻടി സി സൗത്ത് സോൺ കമ്മിറ്റിക്ക് രൂപം നൽകി. എൻടിസിയുടെ കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ കേരള ലക്ഷ്മി മിൽ, വിജയമോഹിനി മിൽ, അളഗപ്പ ടെക്സ്റ്റൈൽസ്, കണ്ണൂർ ടെക്സ്റ്റൈൽസ് എന്നീ നാല് മില്ലുകളും പുതുച്ചേരിയിലെ മാഹി ടെക്സ്റ്റൈൽസും തമിഴ്നാട്ടിലെ ഏഴും കർണാടകത്തിലെ രണ്ടും ആന്ധ്രയിലെ രണ്ടും മില്ലുകളാണ് കോവിഡിനെത്തുടർന്ന് 2020ൽ മാർച്ചിൽ അടച്ചത്.
കൺവൻഷൻ തമിഴ്നാട് ടെക്സ്റ്റൈൽ ഫെഡറേഷൻ (സിഐടിയു) ജനറൽ സെക്രട്ടറി സി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. വി വി ശശീന്ദ്രൻ (ഐഎൻടിയുസി) അധ്യക്ഷനായി.