ന്യൂഡൽഹി > കർഷകസമരം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് അഖിലേന്ത്യ കിസാൻസഭ ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദ് ദേശാഭിമാനിയോട് പറഞ്ഞു. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് നിയമങ്ങൾ പിൻവലിക്കാൻ വലതുരാഷ്ട്രീയ- കോർപറേറ്റ് കൂട്ടായ്മ നിർബന്ധിതരായത്. രാജ്യത്തെ രാഷ്ട്രീയത്തെയും ഭരണത്തെയുമാകെ നിയന്ത്രിച്ചിരുന്ന വൻകിട കോർപറേറ്റുകൾക്ക് കനത്ത തിരിച്ചടിയാണിത്. തൊഴിലാളി- കർഷക കൂട്ടായ്മയ്ക്ക് വലിയ ആത്മവിശ്വാസവും പകർന്നു.
സർക്കാരിനെതിരായ വിമർശങ്ങളെയെല്ലാം അപഹസിച്ചും അപകീർത്തിപ്പെടുത്തിയുമാണ് മോദി സർക്കാർ മുന്നോട്ടുപോയത്. വിമർശിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തി ജയിലിലടച്ചു. ഏത് വിമർശത്തെയും അതിജീവിക്കാമെന്നും പ്രതിപക്ഷം ദുർബലമാണെന്നുമുള്ള അഹന്തയിലായിരുന്നു സർക്കാർ. പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമാണ് കർഷകരും തൊഴിലാളികളും ഏറ്റെടുത്തത്. ബദൽ രൂപപ്പെടുക സമരങ്ങളിലൂടെയാകും എന്നതിന് തെളിവാണിത്. തെരഞ്ഞെടുപ്പുകളെയടക്കം സ്വാധീനിക്കുംവിധം സമരമുഖങ്ങൾ മാറുന്നു.
കാർഷികപ്രശ്നം പരിഗണിക്കാതെ ഒരു രാഷ്ട്രീയ പാർടിക്കും മുന്നോട്ടുപോകാനാകില്ല. കർഷകർ ഉന്നയിച്ച പല വിഷയങ്ങളും പരിഹരിക്കപ്പെട്ടിട്ടില്ല. എംഎസ്പി, വൈദ്യുതി ബിൽ, വായുമലിനീകരണ നിയന്ത്രണ ബില്ലിലെ കർഷകദ്രോഹ വ്യവസ്ഥകൾ, മരിച്ച കർഷകരുടെ കുടുംബത്തിന് സഹായം, ലഖിംപുർ ഖേരിയിൽ നീതി തുടങ്ങിയ വിഷയങ്ങൾക്കെല്ലാം ന്യായമായ പരിഹാരമുണ്ടാകണം. സർക്കാർ കർഷകരുമായി ചർച്ചയ്ക്ക് സന്നദ്ധമാകണം. മന്ത്രിസഭയിൽപ്പോലും കൂടിയാലോചിക്കാതെയുള്ള ഏകപക്ഷീയ പ്രഖ്യാപനത്തിൽ വിഷയങ്ങൾ അവസാനിക്കില്ല. നിലവിൽ തീരുമാനിച്ചിട്ടുള്ള പ്രക്ഷോഭങ്ങളെല്ലാം കർഷകർ തുടരും- കൃഷ്ണപ്രസാദ് പറഞ്ഞു.