കഴക്കൂട്ടം > തിരുവനന്തപുരം കഴക്കൂട്ടത്ത് സിപിഐ എം നേതാവിന്റെ വീടിന് നേരെ ബോംബേറ്. കര്‍ഷക സംഘം ആറ്റിപ്ര മേഖലാ കമ്മിറ്റി വൈസ് പ്രസിഡന്റും, സിപിഐ എം നെഹ്റു ജങ്ഷന് ബ്രാഞ്ചംഗവുമായ കൈലാസില്‍ ഷിജുവിന്റെ വീടാണ് ശനി രാത്രി പതിനൊന്നോടെ ആക്രമിച്ചത്. കഞ്ചാവ് മാഫിയ അംഗങ്ങളായ മൂന്നുപേരാണ് ആക്രമണത്തിന് പിന്നില്‍.
വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം ഷിജുവിനെയും ഭാര്യ ശാലിനിയെയും ആക്രമിച്ചു. ആക്രമണത്തില്‍ ഇരുവര്‍ക്കും പരിക്കേറ്റു. വീട്ടുപകരണങ്ങളും വാഹനവും തകര്‍ത്തു. സമീപത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ചന്തുവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ബൈക്കില്‍ വീടിനു മുമ്പില്‍ എത്തിയ മൂവരും വാളുമായെത്തി വീടിന്റെ ഗേറ്റ് ചവിട്ടിപ്പൊളിക്കുന്നത് കണ്ട് മുറ്റത്തു നിന്ന ഷിജു ഓടി വീട്ടില്‍ക്കയറി വാതില്‍ അടച്ചു. പോര്‍വിളി മുഴക്കിയ സംഘം വീടിന്റെ ജനാല ചില്ലുകളും മറ്റും വെട്ടിപ്പൊളിച്ചു. ജനാലയ്ക്കുള്ളിലൂടെയാണ് നാടന്‍ ബോംബ് എറിഞ്ഞത്. .
ഉഗ്രശബ്ദത്തോടെയാണ് പൊട്ടിയത്. ഈ സമയം ഷിജുവിന്റെ ഒരു വയസ്സുള്ള കുഞ്ഞ്മുറിയില് കിടന്നുറങ്ങുകയായിരുന്നു. ശാലിനി കുഞ്ഞിനെയുമെടുത്ത് ഓടിയതിനാല്‍ ദുരന്തമൊഴിവായി. ശാലിനിയുടെ ചെവിയുടെ ഭാഗത്ത് നിസ്സാര പരിക്കുണ്ട്.
തുമ്പ – കഴക്കൂട്ടം പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അക്രമണ കാരണം വ്യക്തമല്ല. സമീപവാസികളും പൊലീസും എത്തിയതോടെ സംഘം കടന്നു കളഞ്ഞു. കൗണ്‍സിലര്‍ മേടയില്‍ വിക്രമന്, സിപിഐ എം ആറ്റിപ്ര ലോക്കല്‍ സെക്രട്ടറി സാംബശിവന് തുടങ്ങിയവര്‍ സ്ഥലത്തെത്തി.