ന്യൂഡൽഹി> കാർഷികനിയമങ്ങൾക്കെതിരായ ഐതിഹാസികമായ കർഷകസമരം വിജയിപ്പിച്ചതും പ്രക്ഷോഭത്തിന് കെട്ടുറപ്പും ദിശാബോധവും നൽകിയതും ഇടതുപക്ഷം. നൂറിലധികം സംഘടനകളെ കോർത്തിണക്കി സംയുക്ത കിസാൻമോർച്ച(എസ്കെഎം)യ്ക്ക് രൂപംനൽകുകയും ഭിന്നതക്ക് ഇടനൽകാതെ മുന്നോട്ടുനയിച്ചതും അഖിലേന്ത്യാ കിസാൻസഭയാണ്.
നിർണായകഘട്ടത്തിൽ സമരത്തിനു പിന്തുണ നൽകാൻ പ്രതിപക്ഷകക്ഷികളെ കൂട്ടിയോജിപ്പിച്ചത് സിപിഐ എം, സിപിഐ നേതാക്കളാണ്. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ രൂപീകരിച്ച കിസാൻ സംഘർഷ് കോ–-ഓർഡിനേഷൻ കമ്മിറ്റി നടത്തിയ പ്രക്ഷോഭമായിരുന്നു സമരത്തിന്റെ ഊർജസ്രോതസ്സ്. മിനിമം താങ്ങുവില(എംഎസ്പി) കർഷകരുടെ ന്യായമായ അവകാശമാണെന്ന ബോധമുണ്ടാക്കാൻ അന്നത്തെ പ്രക്ഷോഭത്തിനായി. നാസിക് –- മുംബൈ ലോങ്മാർച്ച് ഇതിൽ നിർണായകമായി.
എംഎസ്പി, മുംബൈ ലോങ്മാർച്ച് എന്നിവയെക്കുറിച്ച് കേൾക്കാത്ത കർഷക ഗ്രാമങ്ങളില്ലെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ പി സായിനാഥ് പറഞ്ഞിട്ടുണ്ട്.
കാർഷികനിയമങ്ങൾ ആദ്യം ഇല്ലാതാക്കുക എംഎസ്പിയായിരിക്കുമെന്ന് കർഷകർ തിരിച്ചറിഞ്ഞു. താരതമ്യേന മെച്ചപ്പെട്ട സംഭരണം നടക്കുന്ന പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ യുപി എന്നിവിടങ്ങളിൽ ആദ്യംതന്നെ കർഷകരോഷം കത്തിപ്പടരാൻ ഇതാണ് കാരണം. ഈ പ്രദേശത്ത് ഒതുങ്ങുമായിരുന്ന പ്രതിഷേധത്തെ ‘ഡൽഹി ചലോ’ മാർച്ച് വഴി രാജ്യതലസ്ഥാനത്തേക്ക് എത്തിക്കാൻ അഖിലേന്ത്യാ കിസാൻസഭയ്ക്കായി. ഇതോടെ കർഷകരിൽ ആത്മവിശ്വാസം വളർന്നു. അവർ അചഞ്ചല പോരാട്ടത്തിനു സജ്ജരായി.
അപവാദപ്രചാരണത്തെ ചെറുക്കാനും ഇടതുപക്ഷം മുന്നിട്ടിറങ്ങി. സമരത്തിന്റെ ആദ്യകാലത്ത് കോൺഗ്രസ് തികഞ്ഞ ആശയക്കുഴപ്പത്തിലായിരുന്നു. സമരത്തിനെതിരെ ചില കോൺഗ്രസ് നേതാക്കൾ പരസ്യനിലപാടെടുത്തു.
രാഷ്ട്രീയപാർടികളെ സമരത്തിൽ നേരിട്ട് പങ്കെടുപ്പിച്ചിരുന്നില്ല. എന്നാൽ, രാഷ്ട്രീയനേതാക്കളായ കർഷകസംഘടനാ പ്രതിനിധികൾ നേതൃത്വത്തിൽ സജീവമായി.
സിപിഐ എം നേതാക്കളായ ഹന്നൻ മൊള്ള, അശോക് ധാവ്ളെ, വിജു കൃഷ്ണൻ, പി കൃഷ്ണപ്രസാദ്, അമ്രാറാം എന്നിവർ ഉദാഹരണം. എന്നാൽ, ഒറ്റ കോൺഗ്രസ് നേതാവും ഉണ്ടായിരുന്നില്ല. എസ്കെഎമ്മിൽ കോൺഗ്രസ് ബന്ധമുള്ള കർഷകസംഘടനകളുമില്ല.