ന്യൂഡൽഹി> കേന്ദ്രസർക്കാരിനെ മുട്ടുകുത്തിച്ച കർഷക സമരത്തിന്റെ വിജയചിഹ്നമായി ട്രാക്ടറുകൾ. ഇന്ദ്രപ്രസ്ഥത്തിൽ രാപകൽ പോരാടിയ കർഷകരുടെ കരുത്തായിരുന്നു ഈ വാഹനവ്യൂഹം. യാത്രയ്ക്കും വീടായും ഭക്ഷണശാലയായും ആശുപത്രിയായുമെല്ലാം ഇവ മാറി. ഒരുഘട്ടത്തിൽ ഭരണകൂട ആക്രമണങ്ങളെ ചെറുത്ത കവചമായി. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽനിന്നുള്ള കർഷകരാണ് ട്രാക്ടറുകളുടെ പിന്നിൽകോർത്ത ട്രോളിയിൽ സമരമുഖത്തേക്ക് അണമുറിയാതെത്തിയത്. ഓരോന്നിലും രണ്ടും മൂന്നും ട്രോളിവരെ ഘടിപ്പിച്ചു. പൊരിവെയിലിലും കൊടുംമഞ്ഞിലും മഴയിലുമെല്ലാം സമരവീര്യം കെടാതെ കർഷകർക്ക് താങ്ങാകാനും വയലേലകളുടെ ചങ്ങാതിക്കായി.
സോഫ, കിടക്ക, ടിവി, മൊബൈൽ ചാർജിങ് പോയിന്റ് മുതൽ യൂറോപ്യൻ ക്ലോസറ്റ്വരെ കർഷകർ ഇതിൽ സജ്ജീകരിച്ചു. റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നൂറുകണക്കിന് ട്രാക്ടറുകൾ ഇരമ്പിയെത്തിയതും പുതുചരിത്രമായി. പ്രക്ഷോഭത്തിന് കർഷകർ ട്രാക്ടർ വാങ്ങിക്കൂട്ടുന്നുവെന്ന് ഡൽഹിപൊലീസ് ആരോപിച്ചതും ഈ വാഹനത്തിന്റെ കരുത്തിന് മുന്നിൽ തലകുനിക്കേണ്ടിവരും എന്ന ബോധ്യത്തിലാണ്.