ബോയ്സ് സ്കൂൾ, ഗേൾസ് സ്കൂൾ തുടങ്ങിയവ തുടരണമോ എന്ന കാര്യത്തിൽ സമൂഹത്തിൽ ചർച്ച ഉയർന്നു വരേണ്ടതുണ്ട്. വിദ്യാർത്ഥികൾക്ക് ലിംഗ തുല്യത ഉറപ്പ് വരുത്തുന്ന യൂണിഫോം കൊണ്ടു വരുന്നതിനെ വിദ്യാഭ്യാസ വകുപ്പ് പിന്തുണക്കുന്നു- മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പൊതുവിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ പരിഷ്കാരം കൊണ്ടു വരും. മാറുന്ന ലോകത്തെ തുറന്നു കാട്ടുന്ന രീതിയിലാകും പുതിയ പാഠ്യപദ്ധതി. പാഠ്യപദ്ധതിയിൽ ലിംഗ സമത്വം ഉറപ്പു വരുത്തും. മനുഷ്യന്റെ മുഖവും മണ്ണിന്റെ മണവും തിരിച്ചറിയുന്ന വിദ്യാഭ്യാസ സമ്പ്രദായം ആണ് വേണ്ടത്. ഫയലുകൾ തീർപ്പാക്കാൻ ഉദ്യോഗസ്ഥർ താമസിപ്പിക്കരുത്. പെൻഷൻ പറ്റി ഇറങ്ങേണ്ടവർ കൂടി ആണ് തങ്ങളെന്ന ബോധം ഇത്തരം ഉദ്യോഗസ്ഥർക്ക് ഉണ്ടാകണം- മന്ത്രി വ്യക്തമാക്കി.
അധ്യാപികമാർ സാരി മാത്രം ധരിച്ചാൽ മതിയെന്ന് ഒരു നിയമത്തിലും പറയുന്നില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു നേരത്തെ വ്യക്തമാക്കിയിരുന്നു. മാന്യമായ ഏതു വസ്ത്രവും ധരിച്ച് അധ്യാപകര്ക്ക് സ്ഥാപനങ്ങളിൽ എത്താമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
“ഇക്കാര്യത്തിൽ സർക്കാരിൻ്റെ നിലപാട് പല ആവർത്തി വ്യക്തമാക്കിയിട്ടുള്ളതാണ്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒക്കെത്തന്നെ അധ്യാപകർക്ക് ഇഷ്ടമുള്ള, അവർക്ക് സൗകര്യപ്രദമായ വസ്ത്രം ധരിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. സാരി അടിച്ചേൽപ്പിക്കുന്ന രീതി കേരളത്തിൻ്റെ പുരോഗമന ചിന്താഗതിക്ക് ഉതകുന്നതല്ല.” മന്ത്രി ആർ ബിന്ദു പറഞ്ഞു.