പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത കാമുകി കാമുകന്മാരിൽ കാമുകന്റെ ജന്മദിനത്തിലാണ് പ്രശ്നങ്ങളുടെ തുടക്കം. കാമുകന്റെ ജന്മദിനത്തിൽ എന്തോ കാരണത്താൽ കാമുകിക്ക് കാമുകനോട് സംസാരിക്കാൻ പറ്റിയില്ല. ഇതോടെയാണ് കാമുകൻ പിണങ്ങിയത് എന്ന് ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. പിണക്കം ദിവസങ്ങളോളം നീണ്ടു നിൽക്കുകയും കാമുകൻ തന്നോട് സംസാരിക്കാതിരിക്കുന്നത് തുടരുകയും ചെയ്തതോടെയാണ് കാമുകി പോലീസിന്റെ സഹായം തേടിയത്.
കാമുകി പോലീസിന്റെ ഹെല്പ്ലൈൻ നമ്പറിൽ വിളിച്ച് കാമുകനുമായുള്ള പിണക്കം തീർക്കാൻ സഹായിക്കണം എന്നാവശ്യപ്പെട്ടു. തുടർന്ന് പോലീസ് ഇരുകൂട്ടരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ദമ്പതികളെ മണിക്കൂറുകളോളം കൗൺസിലിംഗ് നടത്തി. ഒടുവിൽ ഇവരെ അനുനയിപ്പിച്ച് പോലീസ് വിവാഹം കഴിക്കാൻ ഉപദേശിച്ചു. കുടുംബാംഗങ്ങൾ അവരുടെ വിവാഹത്തിന് സമ്മതം മൂളിയതോടെ അധികം താമസമില്ലാതെ ആര്യസമാജ് മന്ദിറിൽ വെച്ച് ഇരുവരും വിവാഹിതരായി.
എല്ലാ പിണക്കങ്ങളും ഇത്തരത്തിൽ ശുഭപര്യവസാനിയല്ല. ഈ വർഷം ജൂലൈയിൽ, ഒരു വൈറൽ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഒരു വിവാഹ വേദിക്ക് പുറത്ത് ബാബു, ബാബു എന്ന് വിളിച്ചു പറയുന്ന സ്ത്രീയാണ് വിഡിയോയിൽ. വിവാഹം യുവതിയുടെ മുൻ കാമുകനും മറ്റൊരു സ്ത്രീയും തമ്മിലാണ്. മധ്യപ്രദേശിലെ ഹോഷങ്കാബാദിലാണ് സംഭവം. കാൺപൂർ സ്വദേശിയായ പെൺകുട്ടിയെ കല്യാണമണ്ഡപത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി തങ്ങൾ ലിവ്-ഇൻ ബന്ധത്തിലായിരുന്നുവെന്ന് യുവതി അവകാശപ്പെട്ടു. ഇരുവരും ഭോപ്പാലിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. ഒടുവിൽ പോലീസ് അകമ്പടിയോടെ സ്ത്രീയെ വിവാഹവേദിയിൽ നിന്നും മാറ്റി.