കോഴിക്കോട്: ഭക്ഷ്യക്കിറ്റ് എന്നന്നേക്കുമായി നിർത്തിയെന്ന് എവിടേയും പറഞ്ഞിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. അവശ്യ സമയങ്ങളിൽ ഇനിയും നൽകും. കോവിഡ് ഭീതി കുറഞ്ഞതുകൊണ്ടാണ് തൽക്കാലം നിർത്തുന്നതെന്നും ഭക്ഷ്യമന്ത്രി കോഴിക്കോട് പറഞ്ഞു.
കോവിഡ് കാലത്ത് ജനങ്ങൾക്ക് ആശ്വാസമായിരുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം സർക്കാർ അവസാനിപ്പിക്കുകയാണെന്ന് നേരത്തെ മന്ത്രി അറിയിച്ചിരുന്നു. അന്തിമ തീരുമാനം പ്രഖ്യാപിച്ചില്ലെങ്കിലും കിറ്റ് വിതരണം തുടരേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. ഈ മാസം കിറ്റ് നൽകില്ല. ലോക്ഡൗൺ നിയന്ത്രണങ്ങൾ അവസാനിച്ചതിനാലും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലും ഇനിയും കിറ്റ് നൽകുന്നത് ബുദ്ധിമുട്ടാകുമെന്ന് ധനവകുപ്പ് ഭക്ഷ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനം തുടരുന്നതിനാൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്കെങ്കിലും ഭക്ഷ്യക്കിറ്റ് നൽകണമെന്ന് ഭക്ഷ്യവകുപ്പ് നിർദേശിച്ചിരുന്നു. എന്നാൽ, ഇനിയും കിറ്റ് വിതരണം തുടരാനാവില്ലെന്ന് ഓണക്കാലത്തുതന്നെ ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഓണക്കിറ്റിന് പണം അനുവദിക്കുന്നത് സംബന്ധിച്ച ഫയലിൽ രേഖപ്പെടുത്തിയിരുന്നു.
ഇനി ഇക്കാര്യം മന്ത്രിസഭ പരിഗണിക്കാനും സാധ്യതയില്ല. എല്ലാകാലവും ഭക്ഷ്യക്കിറ്റ് വിതരണം തുടരാനാവില്ലെന്ന് മുഖ്യമന്ത്രി നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. തുടർന്നായിരുന്നു കിറ്റ് നിർത്താൻ തീരുമാനിച്ചത്. ഇത് പ്രതിപക്ഷമടക്കം രാഷ്ട്രീയ ആയുധമാക്കിയതോടെയാണ് ഭക്ഷ്യമന്ത്രി നിലപാട് തിരുത്തിയത്.
കോവിഡ് വ്യാപനം തുടങ്ങിയ 2020 ഏപ്രിൽ-മെയിലാണ് സൗജന്യ കിറ്റ് നൽകിത്തുടങ്ങിയത്. സാർവത്രിക ഭക്ഷ്യക്കിറ്റ് വിതരണം വലിയ ശ്രദ്ധ നേടി. ഉയർന്ന വരുമാനക്കാർ ഉൾപ്പെടെ കിറ്റ് വാങ്ങിയിരുന്നു. തിരഞ്ഞെടുപ്പിൽ സർക്കാരിന് ഭരണത്തുടർച്ചയ്ക്ക് ഇതു സഹായിക്കുകയും ചെയ്തു. അന്നുമുതൽ ഓണക്കാലംവരെ 13 തവണയാണ് കിറ്റ് വിതരണം ചെയ്തത്. ഏതാണ്ട് 11 കോടി കിറ്റുകൾ നൽകി. മാസം ശരാശരി 350-400 കോടി രൂപയാണ് ചെലവിട്ടത്. 11 കോടി കിറ്റുകൾക്കായി 5200 കോടി രൂപ ചെലവിട്ടു.
Content Highlights:G. R. Anil on Ration Food Kit issue