Also Read :
കാട്ടുപന്നിയെ വെടിവെച്ച് കൊല്ലാൻ എംപാനൽഡ് ചെയ്ത കര്‍ഷകര്‍ക്ക് അനുമതി നൽകിയിട്ടും ശല്യം രൂക്ഷമായി തുടരുന്നതിനാലാണ് ഈ നീക്കമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വിവിധ വിഷയങ്ങള്‍ ചർച്ച ചെയ്യുന്നതിനായി കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവുമായി കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച വൈകിട്ട് നാലിന് ന്യൂഡൽഹിയിലാണ് കൂടിക്കാഴ്ച.
സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് മാസത്തിനിടെ 1,200 ഓളം കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. എന്നാൽ, അത് കൊണ്ടൊന്നും പ്രശ്നം അവസാനിക്കുന്നില്ല. ദിനംപ്രതി ഒട്ടും പ്രതീക്ഷിക്കാത്ത നഗര മേഖലകളില്‍ കൂടി കാട്ടുപന്നികള്‍ വന്ന് മനുഷ്യരെ ആക്രമിക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
അഞ്ചു വര്‍ഷത്തിനുള്ളിൽ കൃഷിനാശം വരുത്തിയ 10,335 സംഭവമുണ്ടായെന്നും വനംവകുപ്പ് 5.54 കോടി രൂപ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി നൽകിയെന്നും നാലുപേര്‍ മരിച്ചെന്നും കാണിച്ചുള്ള കണക്കുകള്‍ നിരത്തിയാണ് കാട്ടുപന്നിയെ ക്ഷുദ്രജീവിയാക്കി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കാനൊരുങ്ങുന്നത്. നേരത്തെ മുതൽ കേരളം ഈ ആവശ്യം ഉന്നയിക്കാറുണ്ട്. അന്ന് നാല് കാര്യങ്ങളില്‍ വിശദീകരണം തേടിയിരുന്നു. അതിനുള്ള മറുപടിയോടൊപ്പമാണ് വീണ്ടും കേരളത്തെ സമീപിക്കുന്നത്.
1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ പട്ടിക മൂന്നിൽ നിന്നും പട്ടിക അഞ്ചിലേക്ക് മാറ്റി കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ കര്‍ഷകര്‍ക്ക് നിയമപ്രശ്നങ്ങള്‍ ഒന്നുമില്ലാതെ വെടിവച്ച് കൊല്ലാൻ സാധിക്കും. ഇന്ത്യയിൽ ജാര്‍ഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ഈ രീതിയിൽ ഇളവുകള്‍ നൽകിയിട്ടുണ്ട്. ഈ ഇളവുകള്‍ പരമാവധി ഒരു വര്‍ഷത്തേക്കാണ് നൽകുക.
നാട്ടിലിറങ്ങുന്ന കാട്ടുപന്നികളുടെ ശല്യം കുറയ്ക്കുന്നതിനായി 2011 മുതല്‍ സംസ്ഥാനത്ത് നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. ഈ സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം ശല്യക്കാരായ കാട്ടുപന്നികളെ വെടിവെക്കുന്നതിനായി തോക്ക് ലൈസന്‍സുള്ള വ്യക്തികള്‍ക്ക് അനുവാദം നല്‍കുകയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ നശിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു.
Also Read :
ജാഗ്രതാ സമിതികള്‍ ചേര്‍ന്ന് എംപാനൽ ചെയ്ത കര്‍ഷകർക്ക് പന്നികളെ വെടിവച്ച് കൊല്ലാമെങ്കിലും വനംവകുപ്പിനെ അറിയിച്ച് മഹസര്‍ തയ്യാറാക്കിയ ശേഷം അവരുടെ അനുമതിയോടെ മറവുചെയ്യുകയും വേണമെന്നാണ് നിയമം. ഇതിനായി. തോക്കുപയോഗിക്കാൻ ലൈസൻസ് ഉള്ളവര്‍ക്കേ വെടിവെക്കാൻ അനുമതിയുള്ളൂ. ഏറെ നിയമപ്രശ്നങ്ങള്‍ ഉള്ളതിനാൽ പലരും വെടിവെച്ചുകൊല്ലാൻ മടിക്കുകയാണ്.