കുട്ടികളിലെ ആത്മഹത്യ പ്രവണത വര്‍ധിച്ചു വരുന്നതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം:
വിഷാദം അഥവാ ഡിപ്രഷന്
പലപ്പോഴും ഡിപ്രഷന് ആത്മഹത്യയിലേക്ക് നയിച്ചേക്കാമെന്നാണ് മാര്‍ഇവാനിയസ് കോളേജിലെ കൗണ്‍സലിംഗ് സൈക്കോളജിസ്റ്റായ കല മോഹന്‍ പറയുന്നത്. എന്നാല്‍, മാനസികമായ പ്രശ്നങ്ങള്‍ മാത്രമല്ല ഡിപ്രഷന് കാരണമാകുന്നത്. തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങളും രക്തക്കുറവും ഉറക്കക്കുറവും ഡിപ്രഷന് കാരണമാകാറുണ്ട്.
‘എന്റെ അടുത്ത് കൗണ്‍സിലിങ്ങിന് വരുന്ന കുട്ടികള്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നും പറയുന്നില്ലെങ്കില്‍ തൈറോയ്ഡ് ചെക്ക് ചെയ്യാനും ഡോക്ടര്‍മാരെ കാണാനും പറയാറുണ്ട്. ഇങ്ങനെ ഡോക്ടറെ കണ്ട് മരുന്ന് കഴിച്ച് വിഷാദം മാറ്റിയ കുട്ടികളും ഉണ്ട്.’ — തിരുവനന്തപുരം സ്വദേശിനി കൂടിയായ കല സമയം പ്ലസിനോട് പറഞ്ഞു.
സോഷ്യല്‍ മീഡിയയുടെ ഉപയോഗം ഒരു പരിധി വരെ വിഷാദത്തിന് കാരണമാകുന്നുണ്ടെന്നാണ് കോട്ടയം സ്വദേശിനിയും കണ്‍സള്‍ട്ടന്റ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമായ രാഖി കൃഷ്ണന് അഭിപ്രായപ്പെടുന്നത്.
“കൊവിഡ് സമയത്ത് വീട്ടില്‍ തളക്കപ്പെട്ട പല കുട്ടികളിലും സോഷ്യല്‍ മീഡിയയുടെ ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. ഇത് തങ്ങളുടെ സമപ്രായക്കാരായ കുട്ടികളുമായി താരതമ്യപ്പെടുത്താനുള്ള വഴിയൊരുക്കുന്നു. ‘തന്റെ കഴിവുകള്‍ മറച്ച് വെച്ച് മറ്റുള്ളവരുടെ കഴിവുകളെ ഉയര്‍ത്തിക്കാട്ടുക’ എന്നുള്ള ഒരു പ്രക്രിയയാണ് സോഷ്യല്‍ മീഡിയ വഴി നടക്കുന്നത്. ഉദാഹരണത്തിന്, പത്താം ക്ലാസ്സില്‍ നല്ല മാര്‍ക്ക് കിട്ടിയ ഒരു കുട്ടി സോഷ്യല്‍ മീഡിയയില്‍ തന്റെ സുഹൃത്ത് വിദേശത്ത് ചെലവഴിക്കുന്ന ചിത്രങ്ങള്‍ കാണുകയും എനിക്ക് ആ ഭാഗ്യം കിട്ടിയില്ലെന്ന് ആലോചിച്ച് ഇരുന്ന് കരയും ചെയ്യുന്നു. ഇവിടെ ആ കുട്ടിക്ക് ഭാവിയില്‍ എന്തെല്ലാം സാധ്യതകള്‍ ഉണ്ട് എന്നത് അപ്രസക്തമാവുകയാണ്. ഒരു പക്ഷേ കൊവിഡ് കാലം അല്ലായിരുന്നെങ്കില്‍ മറ്റ് സുഹൃത്തുക്കളോടൊപ്പം പുറത്ത് പോയി കളിക്കുമ്പോള്‍ വിഷമം മാറുമായിരുന്നു.” — രാഖി പറഞ്ഞു.
വിഷാദത്തിലേക്ക് നയക്കുന്ന മറ്റ് ചില കാരണങ്ങളാണ് മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗം. അതുപോലെ തന്നെ ജോലി ലഭിക്കുമോ, പ്രണയിനിയെ തന്നെ വിവാഹം കഴിക്കാന്‍ സാധിക്കുമോ, എന്തായിരിക്കും ഭാവി എന്നൊക്കെയുള്ള അമിതമായ ഉത്കണ്ഠ. പ്രത്യേകിച്ച്, പത്താം ക്ലാസ്സ്, പ്ലസ്ടു കഴിഞ്ഞവരാലാണ് ഇത്തരം ഉത്കണ്ഠകള്‍ കാണാറുള്ളത്. — രാഖി കൃഷ്ണന് വ്യക്തമാക്കി.
കൊവിഡും കുട്ടികളിലെ ശീലവും
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൊവിഡും ലോക്ഡൗണും വന്നതിന് ശേഷം നിരവധി കുട്ടികളില്‍ ആത്മഹത്യ പ്രവണ കണ്ടുവരുന്നതായി കല മോഹന്‍ പറഞ്ഞു. ലോക്ഡൗണ്‍ സമയത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതോടെ കുട്ടികളുടെ ജീവിത ശൈലിയില്‍ മാറ്റം വന്നു. പ്രത്യേകിച്ച് കുട്ടികളുടെ ഉറക്കം കുറഞ്ഞു. കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കിലും മാനസികമായ സംഘര്‍ഷങ്ങള്‍ ഉണ്ടാകും. മാത്രമല്ല, ഭക്ഷണ കാര്യത്തിലും വലിയ വ്യത്യാസങ്ങളാണ് ഉണ്ടായത്. ക്ലാസുള്ള സമയങ്ങളില്‍ ഭക്ഷണം കഴിക്കാതെ ഇരിക്കുന്ന കുട്ടികളും ഉണ്ട്. ഇതെല്ലാം കുട്ടികളില്‍ ഒരു മടുപ്പ് ഉണ്ടാക്കാനുള്ള സാധ്യതകള്‍ സൃഷ്ടിക്കാറുണ്ടെന്നും കല മോഹന്‍ വ്യക്തമാക്കി.
പ്രണയം പരാജയപ്പെടുമ്പോള്‍
കൗമാരക്കാരായ കുട്ടികളില്‍ പലരും ആത്മഹത്യ ചെയ്യുന്നത് പ്രണയം തകരുമ്പോഴാണ് എന്ന് തോന്നിയിട്ടുണ്ടെന്ന് സൈക്കോളജിസ്റ്റായ രാഖി കൃഷ്ണന് പറഞ്ഞു. ഇത്തരക്കാരില്‍ രണ്ട് പങ്കാളികളും പക്വത ഉള്ളവരാകണം എന്നില്ല, സ്വാഭാവികമായും പ്രശ്നങ്ങള്‍ ഉണ്ടാവുകയും ആത്മഹത്യയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ചെയ്യുന്നു. അതായത്, 25, 30 വയസ്സുള്ള ആളുകളെ പോലെയായിരിക്കില്ല 18, 19 വയസ്സുള്ള കുട്ടികള്‍. അവര്‍ പക്വതയോടെ ചിന്തിക്കുന്നത് കുറവായിരിക്കും. വീട്ടില്‍ അമ്മ വഴക്കു പറഞ്ഞാല്‍ പോലും അവര്‍ തന്റെ പങ്കാളിയിലാണ് ദേഷ്യം മുഴുവന്‍ തീര്‍ക്കുന്നത്. — രാഖി കൂട്ടിച്ചേര്‍ത്തു.
രക്ഷിതാക്കളെ ബോധവത്കരിക്കണം
കൗമാരക്കാര്‍ക്ക് ഏറ്റവും അത്യാവശ്യമായി വേണ്ടത് സോഷ്യല്‍ സപ്പോര്‍ട്ട് ആണ്. കുട്ടിയില്‍ നിന്ന് കൗരമാരപ്രായത്തിലേക്ക് കടക്കുന്ന സമയം എന്ന് പറയുന്നത് ആശങ്കകളും സംശയങ്ങളും നിറഞ്ഞതാണ്. മാത്രമല്ല രക്ഷിതാക്കളും ഇവരോട് രണ്ട് രീതിയില്‍ സംസാരിക്കുന്നത് കാണാം. കുട്ടികള്‍ സംശയങ്ങള്‍ ചോദിക്കുമ്പോള്‍ ചില നേരങ്ങളില്‍ പറയും നീ കുട്ടിയാണ് ഇതൊന്നും അറിയാറായിട്ടില്ല, അതല്ലെങ്കില്‍ പറയും നീ ഇത്രയും വലുതായില്ലെ ഇതൊക്കെ മനസിലാക്കാറായില്ലെ എന്നൊക്കെ. കുട്ടികളില്‍ ഇത്തരം ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നാണ് രാഖി കൃഷ്ണന് പറയുന്നത്.
രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം പഠനകാര്യത്തിലും മറ്റും അമിതമായി സമ്മര്‍ദ്ദം കൊടുക്കാതിരിക്കുക, മറ്റുള്ള കുട്ടികളുമായി സ്വന്തം കുഞ്ഞിനെ താരതമ്യം ചെയ്യാതിരിക്കുന്ന എന്നുള്ളതാണ്. പല രക്ഷിതാക്കളും പറയുന്നത് കേട്ടിട്ടുണ്ട് ‘ നീ അവനെ അല്ലെങ്കില്‍ അവളെ കണ്ട് പഠിക്ക് ‘ എന്ന്. അങ്ങനെയല്ല ചെയ്യേണ്ടത്. ഓരോ കുട്ടികള്‍ക്കും തങ്ങളുടേതായ കഴിവുണ്ട് അത് കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്. പ്ലസ്ടു കഴിഞ്ഞ കുട്ടിയെ നിര്‍ബന്ധിച്ച് എന്‍ട്രന്‍സ് കോച്ചിംഗിന് വിടുന്ന മാതാപിതാക്കളുണ്ട്. കുട്ടിയുടെ താല്പര്യമാണ് ഇവിടെ നോക്കേണ്ടത്. ഒരു പക്ഷേ വേണ്ടത്ര മാര്‍ക്ക് നേടാന്‍ ആ കുട്ടിക്ക് സാധിച്ചില്ലെങ്കില്‍ മാതാപിതാക്കള്‍ വഴക്കു പറയുമെന്ന് ഭയന്ന് പല കുട്ടികളും ആത്മഹത്യ ചെയ്യാറുണ്ട്. — രാഖി സമയം പ്ലസിനോട് പറഞ്ഞു.
കോളേജ് തലത്തിലുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ബോധവത്കരണ ക്ലാസുകള്‍ നല്‍കണമെന്നതാണ് തന്റെ അഭിപ്രായം എന്നാണ് കല മോഹന്‍ പറയുന്നത്. സ്വന്തം മക്കളെ കുറിച്ച് എല്ലാ രക്ഷിതാക്കള്‍ക്കും ഒരു കണക്കുക്കൂട്ടലുകള്‍ ഉണ്ടാകും. എന്നാല്‍ അവരുടെ ഉള്ളില്‍ എന്താണെന്നോ തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നുണ്ട് എന്നോ ചിന്തിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകാറില്ല. അതിനാല്‍ പൊതുവായ കാര്യങ്ങളെ കുറിച്ച് മാതാപിതാക്കളില്‍ അവബോധം ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ അത് ഒരു പക്ഷേ തങ്ങളുടെ മക്കളില്‍ ഒരു ശ്രദ്ധ കൊണ്ടുവരാന്‍ മാതാപിതാക്കള്‍ക്ക് കഴിഞ്ഞേക്കും. ഉദാഹരണത്തിന്, ഇന്നത്തെ സാഹചര്യത്തില്‍ പല കുട്ടികളിലും രാത്രി കാലങ്ങളില്‍ ഫോണ്‍ ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. വീട്ടുകാര്‍ ചോദിക്കുമ്പോള്‍ ക്ലാസ്സുണ്ടെന്നും നോട്ടുകള്‍ അയക്കുന്നുണ്ടെന്നുമാണ് പല കുട്ടികളും കള്ളം പറയുന്നത്. എന്നാല്‍, രാത്രി കാലങ്ങളില്‍ നോട്ടുകള്‍ അധ്യാപകര്‍ പൊതുവേ അയക്കാറില്ല. ഇത്തരത്തിലുള്ള കാര്യങ്ങള്‍ മാതാപിതാക്കളുടെ ശ്രദ്ധയില്‍ പെടുത്തണമെന്നാണ് കല അഭിപ്രായപ്പെടുന്നത്.
കുട്ടുകളുമായി സംസാരിക്കണം എന്നുള്ളത് മറ്റൊരു ശ്രദ്ധേയമായ കാര്യമായി കല ചൂണ്ടിക്കാണിക്കുന്നുണ്ട്. ലോക്ഡൗണ്‍ സമയത്ത് കുട്ടികള്‍ എപ്പോഴും വീട്ടിലുണ്ടായിരുന്നു, മാതാപിതാക്കള്‍ കൂടെ ഉണ്ടായിരുന്നു എന്നൊന്നും പറയുന്നതില്‍ കാര്യമില്ല. ക്വാണ്ടിറ്റി ഓഫ് ടൈമിലല്ല മറിച്ച് ക്വാളിറ്റി ഓഫ് ടൈമിലാണ് കാര്യം. അതായത് ഒരു സുഹൃത്തിനെ പോലെ കുട്ടികളോട് സംസാരിക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകണം എന്നര്‍ത്ഥം — കല വ്യക്തമാക്കി.
കൊഴിഞ്ഞുവീഴുന്ന ബാല്യങ്ങള്‍
എസ്.സി.ആര്.ബിയുടെ കണക്കുകള്‍ പ്രകാരം, 2020 ല്‍ ആത്മഹത്യ ചെയ്ത 66 കുട്ടികളില്‍ 64 പേര് 12 നും 18 നും ഇടയില്‍ പ്രായമുള്ളവരാണ്. ബാക്കി രണ്ട് പേരാകട്ടെ 12 വയസ്സിന് താഴെയുള്ളവരുമാണ്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ആത്മഹത്യ ചെയ്ത ജില്ല മലപ്പുറമാണ്. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് തിരുവനന്തപുരം റൂറല്‍ ഏരിയയാണ്.’ — ദ് വയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചെറിയ കാര്യങ്ങള്‍ക്കാണ് പല കുട്ടികളും ജീവിതം അവസാനിപ്പിക്കണമെന്ന് ചിന്തിക്കുന്നത്. ഇത്തരത്തില്‍ കേരളത്തെ നടുക്കിയ ചില ആത്മഹത്യകള്‍ നോക്കാം:
വിക്ടേഴ്സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്ന ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ 15 വയസ്സുള്ള വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. 2020 ജൂണ്‍ ഒന്നിനായിരുന്നു സംഭവം. ടെലിവിഷനും ഫോണും തകരാറിലായിരുന്നതിനാലാണ് കുട്ടിക്ക് ക്ലാസ് കേള്‍ക്കാന്‍ സാധിക്കാതിരുന്നത്. സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇവ നന്നാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് മാതാപിതാക്കള്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്. പഠന കാര്യത്തില്‍ മുന്നില്‍ നിന്നിരുന്ന കുട്ടിക്ക് ക്ലാസ് കേള്‍ക്കാന്‍ സാധിക്കാതിരുന്നത് വലിയ മനപ്രയാസം ഉണ്ടാക്കിയിരുന്നെന്നും കുട്ടിയുടെ പിതാവ് ചൂണ്ടിക്കാട്ടി.
മറ്റൊന്നാണ് നവംബര്‍ 11ാം തീയതി കൊല്ലം ജില്ലയിലെ ഓച്ചിറയില്‍ പതിനെട്ടുകാരി ഷാളില്‍ തൂങ്ങി ആത്മഹത്യ ചെയ്ത സംഭവം. ഓച്ചിറ 14-ാം വാര്‍ഡിലെ സലിമിന്റെ മകള്‍ സുമയ്യയാണ് മരിച്ചത്. ജീവനൊടുക്കുന്നതിന് മുമ്പ് കഴുത്തില്‍ കുരുക്കിട്ട് നില്ക്കുന്ന ഫോട്ടോകള്‍ വിദേശത്ത് ജോലി ചെയ്യുന്ന പ്രതിശ്രുതവരന് പെണ്‍കുട്ടി അയച്ചുകൊടുത്തിരുന്നു. കുട്ടിയുടെ പ്രണയം വീട്ടുകാര്‍ എതിര്‍ത്തതാണ് മരണകാരണം.
യുവാക്കളിലും ആത്മഹത്യ വര്‍ധിക്കുന്നുണ്ട് എന്നതിനുള്ള ഉദാഹരണമാണ് 23 കാരനായ അഭിനന്ദ് നാഥിന്റെ ആത്മഹത്യ. കണ്ണൂര്‍ ജില്ലയിലെ കേളകം എന്ന സ്ഥലത്താണ് ഈ ദാരുണ സംഭവം നടന്നത്. സ്വന്തമായി ഒരു സംരംഭം തുടങ്ങാന്‍ ആഗ്രഹിച്ച അഭിനന്ദ് ലോണെടുക്കാന്‍ ബാങ്കിനെ സമീപിച്ചിരുന്നു. എന്നാല്‍ യുവാവിന്റെ അപേക്ഷ ബാങ്ക് നിരസിക്കുകയും ഇതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുകയുമായിരുന്നു.
കൈത്താങ്ങായി സര്‍ക്കാരും പോലീസും
കുട്ടികളിലെ ആത്മഹത്യ നിരക്ക് കുറക്കുന്നതിനും മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കേരളാ സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇത്തരം പദ്ധതികളിലൂടെ കുട്ടികള്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കാനും പുതിയ തലമുറയെ വാര്‍ത്തെടുക്കാനും സര്‍ക്കാരിന് സാധിക്കുന്നുണ്ട്.
സര്‍ക്കാരിന്റെ പദ്ധതികളില്‍ ഒന്നാണ് ‘ഒറ്റക്കല്ല ഒപ്പമുണ്ട്’ എന്ന സൈക്കോസോഷ്യല്‍ സപ്പോര്‍ട്ട് പ്രോഗ്രാം. ഓരോ ജില്ലയിലേയും മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം ടീമിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഈ പദ്ധതി കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ആരംഭിച്ചത്. കൊവിഡ് മൂലം മാനസിക വെല്ലുവിളി നേരിടുന്നവരെ താങ്ങി നിര്‍ത്തുക എന്നതാണ് ഈ പ്രേഗ്രാമിന്റെ ലക്ഷ്യം. എന്നാല്‍, കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഈ പ്രോഗ്രാമിന്റെ ഗുണങ്ങള്‍ ലഭിക്കും എന്നതാണ് പ്രത്യേകത. പ്രമുഖരായ സൈക്യാട്രിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍, കൗണ്‍സലര്‍മാര്‍ എന്നിവരെല്ലാം ഈ പ്രോഗ്രാമിലുണ്ട്.
കൊവിഡ് കാലത്ത് നഷ്ടപ്പെട്ട കുട്ടികളിലെ ചിരി തിരികെ കൊണ്ടുവരാന്‍ കേരളാ പോലീസും രംഗത്തുണ്ട്. സ്റ്റുഡന്റ് കേഡറ്റിന്റെ നേതൃത്വത്തിലാണ് ചിരി എന്ന കൗണ്‍സിലിങ് പ്രോഗ്രാമിന് തുടക്കം കുറിച്ചിരിക്കുന്നത്. ചിരി എന്ന പ്രോഗ്രാം സര്‍ക്കാര്‍ തലത്തിലും ശ്രദ്ധ നേടിക്കഴിഞ്ഞു. വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ആശാവര്‍ക്കര്‍മാരെയും അംഗന്‍വാടി അധ്യാപകരേയും കൗണ്സലിഗിനായി നിയോഗിച്ചിട്ടുണ്ട്. പോലീസുകാര്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, മാനസികാരോഗ്യ വിദഗ്ധര്‍, പരിശീലനം ലഭിച്ച അധ്യാപകര്‍ എന്നിവരാണ് ചിരി സമിതിയിലെ അംഗങ്ങള്‍. ആവശ്യമുള്ളവര്‍ക്ക് ചികിത്സയും നിയമസഹായവും ചിരിയിലൂടെ ലഭിക്കും. കൗണ്‍സിലിഗിന് വിളിക്കേണ്ടത് 9497900200 എന്ന നമ്പറിലേക്കാണ്. വിളിക്കുന്നവരുടെ വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കും.
ഇതിന് പുറമേ മാനസികമായി തളര്‍ന്നവര്‍ക്ക് ദിശ പദ്ധതിയും കൈത്താങ്ങാകുന്നുണ്ട്. 24 മണിക്കൂറും സേവനം ലഭ്യമാക്കുന്ന ദിശയുമായി 1056, 0471 2552056 എന്നീ ഹെല്പ് ലൈന്‍ നമ്പറുകളിലൂടെ ബന്ധപ്പെടാവുന്നതാണ്.
****
Source: Agencies | Compiled by
Bhadra Chandran