1921 നവംബർ 19 വൈകുന്നേരം
മലബാർ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നൂറുപേരെ ബല്ലാരിയിലേക്ക് കൊണ്ടുപോകാനായി പോലീസ് തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ചു.
എം.എസ്.എം. എൽ.വി. 1711 എന്ന് മുദ്രചാർത്തിയ ചരക്ക് വാഗണാണ് തടവുപുള്ളികളെ കൊണ്ടുപോകാനായി ഒരുക്കിയിരുന്നത്. മരപ്പലകയും ഇരുമ്പുതകിടുകളും വെച്ചുനിർമിച്ച വാഗണിൽ വായുസഞ്ചാരത്തിനുള്ള സംവിധാനമില്ലായിരുന്നു.
കഷ്ടിച്ച് 50 പേർക്ക് കയറാൻ ഇടമുണ്ടായിരുന്ന വാഗണിലേക്ക് നൂറുപേരെ പോലീസ് തള്ളിക്കയറ്റി
കാറ്റിനും വെളിച്ചത്തിനും ഇടമില്ലാതെ വാഗൺ തിങ്ങിനിറഞ്ഞു.
വാഗൺ ഘടിപ്പിച്ച ട്രെയിൻ നമ്പർ 77 കാലിക്കറ്റ്- മദ്രാസ് പാസഞ്ചർ 7.15-ന് തിരൂർ സ്റ്റേഷനിൽനിന്ന് യാത്രതിരിച്ചു. അതോടെ ജീവനുവേണ്ടിയുള്ള നൂറുപേരുടെ അലർച്ച തീവണ്ടിയുടെ ഇരമ്പത്തിൽ മുങ്ങി.
ഏഴുപോലീസുകാർ തൊട്ടടുത്ത വാഗണിലും അവരുടെ അധികാരി റിസർവ് പോലീസ് സെർജന്റ് എ.എച്ച്. ആൻഡ്രൂസ് സെക്കൻഡ് ക്ലാസ് കമ്പാർട്ട്മെന്റിലും യാത്രചെയ്തു.
8.40-ന് വണ്ടി ഷൊർണൂരിലെത്തി. അരമണിക്കൂർ അവിടെ തങ്ങി. ഒരിറ്റുശ്വാസം ദാനം ചോദിച്ചുള്ള രോദനങ്ങൾ കേട്ടിട്ടും വാഗൺ തുറക്കാൻ അധികാരികൾ തയ്യാറായില്ല. പ്രതീക്ഷയും കരുത്തും ചോർന്നിട്ടും ആരുടെയൊക്കെയോ കൈകൾ അകത്തുനിന്ന് വാഗണിന്റെ ചുമരിലിടിച്ച് ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു.
ഒലവക്കോട് സ്റ്റേഷനിൽ 15 മിനിറ്റ് വണ്ടി നിർത്തിയിട്ടും ദയയുടെ അംശംപോലും വാഗണിലേക്ക് കടന്നുചെന്നില്ല.
1921 നവംബർ 20 പുലർച്ചെ 12.30-ന് (ചില അനൗദ്യോഗിക റിപ്പോർട്ടുകളനുസരിച്ച് രാവി ലെ 4.30-ന്) വണ്ടി കോയമ്പത്തൂരിനടുത്തുള്ള പോത്തന്നൂർ സ്റ്റേഷനിലെത്തി. വാഗൺ തുറന്നവർ കണ്ടത് 56 മൃതശരീരങ്ങൾ. ബാക്കിയുള്ളവർ മരിച്ചതിനുതുല്യവും
മൃതദേഹങ്ങൾ അതേ വാഗണിൽത്തന്നെ തിരൂരിലേക്ക് തിരിച്ചയച്ചു. മൂത്രം കുടിച്ചും കൂടെയുള്ളവരെ കടിച്ചുപറിച്ചും ജീവന്റെ തുമ്പിൽ പിടിവിടാതെ കഴിച്ചുകൂട്ടിയവരെ കോയമ്പത്തൂരിലെ ആശുപത്രികളിലേക്ക് മാറ്റി. അവിടെവെച്ച് ചിലർകൂടി ജീവൻവെടിഞ്ഞതോടെ ആകെ മരണസംഖ്യ 70 കടന്നു.
ഹിച്ച്കോക്കിന്റെ ക്രൂരകൃത്യം
കോഴിക്കോട്ടുനിന്ന് കണ്ണൂർക്കുള്ള യാത്ര ലഹളപ്രദേശത്തുകൂടി അല്ലായിരുന്നുവെങ്കിലും അവിടങ്ങളിലും തുറന്ന വണ്ടികൾ ഉപയോഗിപ്പാൻ പാടില്ലെന്നുതന്നെയായിരുന്നു മിസ്റ്റർ ഹിച്ച്കോക്കിന്റെ നിഷ്കർഷ. കന്നുകാലികളെ കയറ്റിക്കൊണ്ടുപോയിരുന്ന വണ്ടികളായിരുന്നത്രേ ആദ്യം ഇതിന്നായി ഉപയോഗിച്ചിരുന്നത്. പക്ഷേ, താമസിയാതെ അതുമാറ്റി സാമാനങ്ങൾ കയറ്റുന്ന ഗുഡ്സ് വാഗണാക്കി. ആദ്യകാലങ്ങളിൽ ഈ വാഗണുകളുടെ വാതിലുകൾ തുറന്ന് പുറത്തേക്കുചാരി കയറുകൊണ്ട് കെട്ടീട്ടായിരുന്നു കൊണ്ടുപോയിരുന്നത്. പക്ഷേ, മിസ്റ്റർ ഹിച്ച്കോക്കിന്റെ തെളിവി ലും വേറെ ചിലർ കൊടുത്ത തെളിവുകളിലും സൂചിപ്പിച്ചപ്രകാരം പുറമെയുള്ളവർ തടവുകാരെ കാണുന്നതും അവരുമായി സംസാരിക്കുന്നതും തടസ്സപ്പെടുത്തുവാനായി വാതിൽ പൂട്ടി ബന്ധിച്ചാണ് പിന്നീട് കൊണ്ടുപോയിരുന്നത്. ഇടയ്ക്ക് ചില സ്റ്റേഷനുകളിൽ വാതിൽതുറന്നുകൊടുത്ത് വായുവിന്ന് പ്രവേശം നൽകിയിരുന്നുവത്രേ. 122 ആളുകളോളം ഒരു വാഗണിൽതന്നെ കുത്തിക്കയറ്റി കൊണ്ടുപോകയുണ്ടായിട്ടുണ്ട് എന്നറിയുമ്പോൾ ഈ തടവുകാരെ മനുഷ്യരായി അധികൃതന്മാർ കരുതിയിരുന്നതേയില്ല എന്ന് വ്യക്തമാകുന്നുണ്ട്. കെ.കേളപ്പൻനായർ, കെ.വി.ബാലകൃഷ്ണമേനോൻ, കെ.വി. രാമൻ മേനോൻ ഇവരെ ലഹളക്കാലത്ത് തടവുകാരായി പിടിച്ചപ്പോൾ ഇപ്രകാരമുള്ള ഒരു വണ്ടിയിലാണത്രേ മറ്റു തടവുകാ രോടൊപ്പം കണ്ണൂർക്ക് കൊണ്ടുപോയിരുന്നത്. തിരൂരിൽനിന്ന് ആ വാഗണിന്റെ വാതിലടയ്ക്കാൻ തുടങ്ങിയപ്പോൾ, വാതിൽ തുറന്നുവെക്കണമെന്നും വാതിൽക്കൽ ഓരോ പോലീസുകാരനെ നിർത്തിയാൽ മതിയെന്നും കേളപ്പൻനായർ നിർദേശിച്ചത് പോലീസ് സർജന്റ് സ്വീകരിച്ചു. അതുകൊണ്ടാണ് താനും കൂട്ടുകാരും ചാവാതെ കണ്ണൂരിലെത്തിച്ചേർന്നതെന്ന് കേളപ്പൻ നായർ പറയുകയുണ്ടായിട്ടുണ്ട്.
രണ്ടായിരത്തഞ്ഞൂറോളം തടവുകാരെ മുപ്പത്തിരണ്ട് പ്രാവശ്യമായി ഇങ്ങനെയുള്ള വാഗണുകളിൽ കൊണ്ടുപോയിട്ടുണ്ടായിരുന്നുവെന്നാണ് ഗവൺമെന്റ് നിശ്ചയിച്ച അന്വേഷണക്കമ്മിറ്റിയുടെ റിപ്പോർട്ടുകൊണ്ട് കാണുന്നത്.
പ്രസ്താവത്തിലെ കുപ്രസിദ്ധമായ തീവണ്ടിദുരന്തമുണ്ടായത് നവംബർ ഇരുപതാം തീയതിയായിരുന്നു. നൂറോളം തടവുകാരെ തിരൂരിൽനിന്ന് മേൽപ്പറഞ്ഞ വിധമുള്ള വണ്ടിയിൽ കയറ്റി. മിസ്റ്റർ ഹിച്ച്കോക്കിന്റെ മേൽനോട്ടത്തിലാണ് ഇവരെ വണ്ടിയിൽ കയറ്റിയത്. കയറ്റിയ ഉടനെ വാതിലെല്ലാം അടച്ചുപൂട്ടി ഭദ്രമാക്കി. അങ്ങനെ ഭദ്രമാക്കിയവർക്ക് പാറാവ് ആവശ്യമില്ലാതിരുന്നതിനാൽ സർജന്റും കോൺസ്റ്റബിൾമാരും സുഖമായി വേറെ വണ്ടിയിലാണ് സഞ്ചരിച്ചിരുന്നത്. തിരൂരിൽനിന്ന് കോയമ്പത്തൂർ എത്തുന്നതുവരെ ഈ വണ്ടിയുടെ വാതിൽ തുറന്നുകൊടുക്കുകയോ അതിലുള്ളവരെപ്പറ്റി വല്ല അന്വേഷണം ചെയ്യുകയോ ഒന്നുംതന്നെ അവർ ചെയ്തിരുന്നില്ല. മനുഷ്യർക്ക് ശ്വസിപ്പാൻ വായുവേണ്ടെന്ന് സാക്ഷാൽ ഹിച്ച് കോക്ക്തന്നെ തീർച്ചപ്പെടുത്തിയിരിക്കെ, അതു വേണമെന്നുവിചാരിപ്പാൻ സർജന്റിനോ കോൺസ്റ്റബിൾമാർക്കോ എന്തധികാരമാണുള്ളത്? അതിനാൽ അങ്ങനെയുള്ള അന്വേഷണങ്ങൾ അവർ ചെയ്യാത്തതിനാൽ അവരെ ഒരുവിധത്തിലും കുറ്റപ്പെടുത്തുവാനില്ല. മഞ്ചേരി രാമയ്യർ മുതലായവർ അടങ്ങിയ ഒരു കമ്മിറ്റി, കുറ്റം സർജന്റിന്റെ തലയ്ക്കാണത്രെ ആരോപിച്ചത്. ചെറുവണ്ണൂർവെച്ച് തടവുകാർ വെള്ളത്തിനാവശ്യപ്പെട്ടുവെന്നും വെള്ളം കൊണ്ടുവന്നു കൊടുപ്പാൻ സമയമില്ലായ്കയാൽ കൊടുത്തി ല്ലെന്നും ആ സർജന്റ് തെളിവു കൊടുത്തതായി കണ്ടു. അയാൾക്ക് അത്രയെങ്കിലും ദയാബുദ്ധി തോന്നിയത് അഭിനന്ദനീയംതന്നെ. ഏതായാലും നിർഭാഗ്യവാന്മാരായ ഈ തടവുകാർ ശ്വസിപ്പാൻ വായുവില്ലാതെയും കുടിപ്പാൻ വെള്ളമില്ലാതെയും കാട്ടിക്കൂട്ടിയ മരണഗോഷ്ടികൾ ഭയങ്കരങ്ങളായിരുന്നു. തമ്മിൽ കടിച്ചും മാന്തിയും പലരുടേയും ദേഹത്തിൽ മുറിവുകളുണ്ടായിരുന്നു. ആവക മുറിവുകൾ കടിച്ചുണ്ടായതല്ലെന്നും മാന്തലിന്റെ ചിഹ്നങ്ങളായിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥന്മാർ അഭിപ്രായപ്പെട്ടത്.
ശ്വാസംമുട്ടീട്ടല്ല ഈ തടവുകാർ മരിച്ചതെന്നു വരുത്തിത്തീർക്കുവാൻ ചിലർ ശ്രമിച്ചു. പക്ഷേ, കോയമ്പത്തൂർ മെഡിക്കൽ ഓഫീസർ അതിന്നനുവദിച്ചില്ല. മർക്കടന്മാരിലും മുഷ്കരന്മാരുണ്ട്. തടവുകാർ മരിച്ചത് ശ്വാസം മുട്ടീട്ടാണെന്നും അവരെ കൊണ്ടുപോയിരുന്ന വണ്ടി മനുഷ്യരെ കയറ്റിക്കൊണ്ടുപോകാൻ തക്കതല്ലായിരുന്നുവെന്നും അയാൾ തെളിവുകൊടുത്തു. ആകെ നൂറുപേരെ കയറ്റിക്കൊണ്ടുപോയതിൽ 56 പേരോളം പോത്തനൂർ എത്തിയപ്പോഴേക്കുതന്നെ മരിച്ചു. ഏതാനുംപേർ പുറത്തിറക്കിയതിനുശേഷവും മരിച്ചു.
ഇപ്രകാരം തടവുകാർ മരിച്ചുവെന്നറിഞ്ഞത് പട്ടാളനിയമം നടപ്പില്ലാത്ത കോയമ്പത്തൂർ വെച്ചായതുകൊണ്ട് ഈ സംഭവം എല്ലാവരും അറിയുവാനിടയായി. അതിനെപ്പറ്റി നിയമസഭയിലും അസംബ്ലിയിലും പ്രമാദമായ വാദപ്രതിവാദങ്ങൾ നടന്നു. അക്കാലത്ത് മലബാർ ജില്ലയുടെ ഭരണത്തലവനും ഈവക സംഭവങ്ങൾക്ക് ഏതാണ്ട് ഉത്തരവാദിയുമായ നാപ്പ് സായ്വ് അധ്യക്ഷനായും ഗവൺമെന്റിന്റെ പ്രത്യേക വാത്സല്യത്തിന് എന്നും പാത്രമായ കല്ലടി മൊയ്തുട്ടി സാഹിബ് മുതലായവർ മെമ്പർമാരായും ഒരന്വേഷണക്കമ്മിറ്റിയെ ഗവൺമെന്റ് നിശ്ചയിച്ചു. ആ കമ്മിറ്റിയിൽ ജനങ്ങൾക്ക് വിശ്വാസമില്ലെന്നും മറ്റും നിയമസഭക്കാർ ആക്ഷേപം പറഞ്ഞുവെങ്കിലും ഗവൺമെന്റ് അതുകൊണ്ടൊന്നും കുലുങ്ങിയില്ല. ഒടുവിൽ ആ കമ്മിറ്റിക്കാർ ചില തെളിവുകളെല്ലാമെടുത്ത് അവർക്ക് തോന്നിയ അഭിപ്രായങ്ങൾ ഗവൺമെന്റിലേക്കയച്ചു.
ഈ മാതിരി വണ്ടി ആവശ്യപ്പെട്ടവരും വണ്ടികളിൽ തടവുകാരെ കയറ്റി അയച്ചവരുമായ ഹിച്ച്കോക്ക് മുതലായവർ അപരാധികളല്ലെന്ന് കമ്മിറ്റിക്കാർ തീർച്ചപ്പെടുത്തി. വാഗൺ ഉണ്ടാക്കിയ തീവണ്ടിക്കമ്പനിക്കാരും അതേല്പിച്ചുകൊടുത്ത ട്രാഫിക് ഇൻസ്പെക്ടരും യാത്രയിൽ തടവുകാരുടെ സ്ഥിതിയെപ്പറ്റി അന്വേഷിക്കാത്ത സർജന്റുമാണ് അപരാധികൾ എന്നായിരുന്നു അവരുടെ തീർപ്പ്.
മരിച്ചുപോയ തടവുകാരുടെ കുടുംബങ്ങൾക്ക് മുന്നൂറുറുപ്പിക വീതം സംഭാവന ലഭിച്ചു. ഈ അപകടത്തെപ്പറ്റി ജനങ്ങൾ ചെയ്ത ആക്ഷേപത്തിന് അത്രയെങ്കിലും ഫലമുണ്ടായെന്ന് ഇവിടെ പ്രസ്താവിച്ചുകൊള്ളട്ടെ.
വാഗൺ ട്രാജഡിയെപ്പറ്റി കെ. മാധവൻ നായരുടെ മലബാർ കലാപം എന്ന പുസ്തകത്തിൽനിന്നുള്ള ഒരേടാണിത്. കെ.പി.സി.സി. പ്രസിഡന്റും മാതൃഭൂമി സ്ഥാപകസാരഥികളിൽ ഒരാളും ഏറനാട്ടുകാരനുമായ ലേഖകൻ മലബാർ കലാപകാലത്ത് സമാധാനം പുനഃസ്ഥാപിക്കാൻ അക്ഷീണം പ്രവർത്തിച്ചു.
നിർഭാഗ്യവാന്മാരായ ഈ തടവുകാർ ശ്വസിപ്പാൻ വായുവില്ലാതെയും കുടിപ്പാൻ
വെള്ളമില്ലാതെയും കാട്ടിക്കൂട്ടിയ മരണഗോഷ്ടികൾ ഭയങ്കരങ്ങളായിരുന്നു.
തമ്മിൽ കടിച്ചും മാന്തിയും പലരുടേയും ദേഹത്തിൽ മുറിവുകളുണ്ടായിരുന്നു