കോഴിക്കോട്: വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചത് ഇന്ത്യയിലെ കർഷകരുടെ മൊത്തം വിജയമാണെന്ന് എം.വി. ശ്രേയാംസ് കുമാർ എംപി. ഒരു വർഷം സമരത്തെ അവഗണിക്കുകയാണ് സർക്കാർ ചെയ്തത്. ന്യായമായ സമരമായതിനാലാണ് സർക്കാരിന് മുട്ടുമടക്കേണ്ടിവന്നതെന്ന് പറഞ്ഞ അദ്ദേഹം സമരത്തിന്റെ വിജയത്തിൽ കർഷകർ, രാഷ്ട്രീയ-സാമൂഹിക മേഖലയിലെ പ്രവർത്തകർ, കർഷക സംഘടനകൾ, ജനപ്രതിനിധികൾ എന്നിങ്ങനെ എല്ലാവരേയും അഭിനന്ദിക്കുന്നുവെന്നും പറഞ്ഞു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദീർഘിച്ച സമരത്തിൽ 750തോളം ആൾക്കാരാണ് മരിച്ചത്. നൂറ് ദിവസത്തിനുള്ളിൽ തന്നെ 250-തോളം ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണമെന്നാണ് എല്ലാവരും ആവശ്യപ്പെട്ടത്. അതിന് തയ്യാറാകാതെ പ്രതിപക്ഷത്തിന്റേയും കർഷക സംഘടനകളുടേയും കർഷകരുടേയും പ്രതിഷേധം വകവെക്കാതെ മുന്നോട്ട് പോയ സർക്കാരിന് മുട്ടുമടക്കേണ്ടി വന്നത് കർഷകരുടെ നിരന്തരമായിട്ടുള്ള നീതിക്ക് വേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ പരിണാമ ഫലമായാണ്.
ഇന്ത്യൻ കർഷകരുടെ നട്ടെല്ലൊടിക്കുന്ന, താങ്ങുവിലയില്ലാതെ, അവശ്യവസ്തു നിയമത്തിൽ അടക്കം മാറ്റം വരുത്തിക്കൊണ്ടുവന്ന നിയമത്തിനെതിരായ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇത് കർഷകരുടെ വലിയ വിജയമാണ്. ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവരുടേയും വിജയമാണ്. ഇതിൽ ഇന്ത്യയിലെ കർഷകരെ മുഴുവൻ അഭിനന്ദിക്കുന്നു. അതോടൊപ്പം ഇതിനുവേണ്ടി നിരന്തരം പ്രവർത്തിച്ച രാഷ്ട്രീയ-സാമൂഹിക മേഖലയിലെ പ്രവർത്തകർ, കർഷക സംഘടനകൾ, ജനപ്രതിനിധികൾ എന്നിവരേയും അഭിനന്ദിക്കുന്നു.
നിയമത്തേക്കുറിച്ച് കുറച്ച് ആളുകളെ മാത്രം ബോധ്യപ്പെടുത്താൻ സാധിച്ചു എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. നിയമം തെറ്റാണെന്ന് ബഹുഭൂരിപക്ഷം ആളുകൾക്കും ബോധ്യമുണ്ട്. ഇത് ഏതാനും കോർപറേറ്റുകൾക്ക് വേണ്ടി ഉണ്ടാക്കിയ നിയമമാണ്.
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ നിയമം പിൻവലിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ നിയമം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിബന്ധന കൊണ്ടുവരുമോ എന്നറിയില്ല. എങ്ങനെയാണ് നിയമം പിൻവലിക്കുന്നതെന്നും നിബന്ധനകൾ കൊണ്ടുവരുന്നുണ്ടോയെന്നും നോക്കിയിട്ടേ വിശ്വസിക്കാൻ സാധിക്കൂയെന്നാണ് രാകേഷ് ടിക്കായത്ത് അടക്കമുള്ളവർ പറയുന്നത്. പിൻവലിക്കുകയാണോ മാറ്റം വരുത്തുകയാണോ എന്ന കാര്യത്തെക്കുറിച്ച് ആശങ്കയുണ്ട്. നിയമം പൂർണമായും എടുത്തുകളയണം. എങ്കിൽ മാത്രമേ കർഷക സമരം അവസാനിക്കുകയുള്ളൂയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights:M.V. Shreyams Kumar on Centres decision to repeal three farm laws