മിത്തൽ ഒരു ഗോശാല പോലെ തോന്നിക്കുന്ന ഇടത്ത് നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. നിലത്തു നിന്ന് ചാണകം എടുത്ത് അതിൽ നിന്നും ഒരു ചെറിയ ഭാഗം ഇദ്ദേഹം ഭക്ഷിക്കുന്നത് വിഡിയോയിൽ കാണാം. ഇത് ചെയ്യുമ്പോൾ ചാണകം കഴിക്കുന്നതിൻ്റെയും, ഗോമൂത്രം കുടിക്കുന്നതിന്റെയും ഗുണങ്ങൾ എന്തൊക്കെ എന്നും മിത്തൽ വിശദീകരിക്കുന്നുണ്ട്. ചാണകം ഭക്ഷിക്കുന്നതും ഗോമൂത്രം കുടിക്കുന്നതും ഗുരുതരമായ നിരവധി രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കുമെന്നാണ് മിത്തലിന്റെ വാദം. സാധാരണ പ്രസവത്തിന് സ്ത്രീകൾ ചാണകം കഴിച്ചാൽ മതിയെന്നും എങ്കിൽ പിന്നെ ഒരിക്കലും സിസേറിയൻ പ്രസവം വേണ്ടി വരില്ല എന്നും മിത്തൽ വിഡിയോയിൽ പറയുന്നുണ്ട്.
പശുവിൽ നിന്ന് ലഭിക്കുന്ന പഞ്ചഗവ്യയുടെ ഓരോ ഭാഗവും മനുഷ്യരാശിക്ക് വളരെ വിലപ്പെട്ടതാണ് എന്നും മിത്തൽ വിഡിയോയിൽ പറയുന്നുണ്ട്. ” നോക്കൂ, ചാണകം കഴിച്ചാൽ നമ്മുടെ ശരീരവും മനസ്സും ശുദ്ധമാകും. നമ്മുടെ ആത്മാവ് ശുദ്ധമാകും. അത് നമ്മുടെ ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ, അത് നമ്മുടെ ശരീരത്തെ ശുദ്ധീകരിക്കുന്നു” മിത്തലിന്റെ വിശദീകരണം.
യാതൊരു ശാസ്ത്രീയ തെളിവുകളൊന്നുമില്ലാതെയാണ് ചാണകം ഭക്ഷിക്കുന്നതും ഗോമൂത്രം കുടിക്കുന്നതും ഗുണകരമാണ് എന്ന് മിത്തൽ വാദിക്കുന്നത്. ആരോഗ്യമേഖലയിലെ വിദഗ്ധർ നിഷേധിച്ചിട്ടുണ്ടെങ്കിലും കൊറോണ വൈറസിനുള്ള ‘മരുന്ന്’ എന്ന നിലയിൽ ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും ജനപ്രീതി അടുത്തിടെ വർദ്ധിച്ചിരുന്നു.
അതെ സമയം ചാണകം ഭക്ഷിക്കുന്നത് മൂലം മ്യൂക്കോർമൈക്കോസിസ് അല്ലെങ്കിൽ ബ്ലാക്ക് ഫംഗസ് എന്ന് വിളിക്കുന്ന ഫംഗസ് അണുബാധയുടെ സാധ്യതയെക്കുറിച്ച് വിദഗ്ധർ പിന്നീട് മുന്നറിയിപ്പ് നൽകുന്നുണ്ട്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി ചാണകത്തിലും ഗോമൂത്രത്തിലും കുളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അഹമ്മദാബാദ് മെഡിക്കൽ അസോസിയേഷൻ അംഗവും ഡോക്ടറുമായ ഡോ.വസന്ത് പട്ടേൽ പറയുന്നു. “ഫേസ് മാസ്കുകൾ, ഹാൻഡ് സാനിറ്റൈസറുകൾ, സാമൂഹിക അകലം പാലിക്കൽ എന്നിവ മാത്രമാണ് കോവിഡ് -19 തടയാനുള്ള ഏക മാർഗം,” പട്ടേൽ വിശദീകരിക്കുന്നു. ഇത്തരം അപകടകരമായ തട്ടിപ്പുകളിൽ വീഴരുതെന്ന് ജനങ്ങളോട് പട്ടേൽ മുന്നറിയിപ്പും നൽകുന്നു.