മൈസൂരു: കേരളത്തിൽ നോറോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജാഗ്രത കർശനമാക്കി കർണാടകയിലെ അതിർത്തി പ്രദേശങ്ങൾ. വയനാട്ടിൽ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മൈസൂരു ആരോഗ്യ വിഭാഗം ജാഗ്രതാനിർദേശം നൽകിയിരിക്കുന്നത്. അതിർത്തി പ്രദേശങ്ങളിൽ ബോധവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും കർണാടകയിലെ ആരോഗ്യപ്രവർത്തകർ പറയുന്നു.
ആശ വർക്കർമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, അംഗണവാടി പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ച് യോഗവും സംഘടിപ്പിച്ചാണ് ബോധവത്കരണം നൽകിയത്. കേരളത്തിൽ നിന്ന് എത്തുന്നവരിൽ രോഗലക്ഷണമുണ്ടെങ്കിൽ കൃത്യമായി റിപ്പോർട്ട് ചെയ്യാനും നിർദേശം നൽകി. കാര്യങ്ങൾ നിരീക്ഷിച്ച് വരികയാണെന്നും വീടുകൾ കയറിയുള്ള ബോധവത്കരണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
കേരളത്തിൽ നിന്ന് ദിവസേന നൂറുകണക്കിന് വാഹനങ്ങൾ എത്തുന്ന കോട്ടെ താലൂക്കിൽ ജാഗ്രത കർശനമാണ്. ട്രൈബൽ വിഭാഗത്തിലുള്ളവരാണ് താലൂക്കിൽ കൂടുതലും. അതുകൊണ്ട് തന്നെ നിയന്ത്രണവും നിരീക്ഷണവും കൂടുതൽ ശക്തമായി പുരോഗമിക്കുകയാണെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു.
Content Highlights: Mysuru border on alert as Kerala reports Norovirus cases