മദ്യം കഴിച്ച് അമിത വേഗതയിൽ പോകരുതെന്ന് പറയാനാണ് വാഹനത്തെ പിന്തുടർന്നത് എന്നാണ് സൈജു പോലീസിനു നൽകിയിരിക്കുന്ന മൊഴി. ഇയാൾക്കെതിരെ അമിത വേഗതയിൽ വാഹനം ഓടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ബുധനാഴ്ച ഹോട്ടൽ 18 ഉടമ റോയി ജെ വയലാറ്റിനെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി സൈജു ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹോട്ടലുമായി സൈജുവിന് ബന്ധമുണ്ടെന്നാണ് കേസ് അന്വേഷിക്കുന്ന ഇൻസ്പെകടർ കെ അനന്തലാലിന്റെ കണ്ടെത്തൽ.
അതേസമയം കേസ് അന്വേഷിക്കാൻ പുതിയ സംഘത്തെ നിയോഗിച്ചു. ക്രൈംബ്രാഞ്ച് എസിപി ബിജി ജോർജ്ജിനാണ് അന്വേഷ ചുമതല. അന്വേഷണ സംഘത്തിൽ ആരൊക്കെയുണ്ടാകുമെന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകും. സൗത്ത് എസിപി നിസാമുദ്ദീന്റെ നേതൃത്വത്തിൽ കെ അനന്തലാലാണ് കേസ് അന്വേഷിക്കുന്നത്.
അന്വേഷ ഉദ്യോഗസ്ഥര്‍ക്കെതിരെ കഴിഞ്ഞ ദിവസം പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിന് കൈമാറിയത്. അന്വേഷണത്തിന്റെ ഭാഗമായി ഹോട്ടൽ 18 ൽ ഡിജെ പാര്‍ട്ടിയിൽ പങ്കെടുത്തവരുടെ മൊഴി പോലീസ് രേഖപ്പെടുത്തുന്നുണ്ട്. പാര്‍ട്ടിയിൽ പങ്കെടുത്ത കൂടുതൽ പേരെ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.
സംഭവ ദിവസം ഹോട്ടലിൽ താമസിച്ചവരുടേയും ഡിജെ പാര്‍ട്ടിയിൽ പങ്കെടുത്തവരുടേയും വിവരങ്ങൾ ഹോട്ടലിൽ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പാര്‍ട്ടിയിൽ പങ്കെടുത്ത പലരും നിലവിൽ ഒളിവിലാണെന്നാണ് മനോരമ റിപ്പോര്‍ട്ട്.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ച സംഭവത്തിൽ ഹോട്ടൽ ഉടമ റോയ് വയലാറ്റിനേയും അഞ്ച് ജീവനക്കാരെയും ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കാനിരിക്കെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെത്തുടര്‍ന്ന് റോയ് വയലാറ്റിനെ എറണാകുളം കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യ നില മെച്ചപ്പെടുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ആശുപത്രിയിൽ പ്രവേശിപ്പിക്കുക. ഇയാൾക്കൊപ്പം അറസ്റ്റിലായ അഞ്ച് ഹോട്ടൽ ജീവനക്കാരെ ഇന്ന് കോടതിയിൽ ഹാജരാക്കും.