ശിശുക്ഷേമസമിതിയും പിതാവും തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ തിരികെ വേണമെന്നാവശ്യപ്പെട്ട് അനുപമ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്നു.
തിരുവനന്തപുരം ആര്‍ട്സ് കോളേജിന് മുന്നിലാണ് അനുപമ രാപ്പകല്‍ സമരം നടത്തുന്നത്. പങ്കാളിയായ ബി.അജിത്കുമാറും അനുപമക്കൊപ്പം സമരത്തിലുണ്ട്. അനുപമക്ക് പൊതുസമൂഹത്തിന്റെ പിന്തുണ ലഭിക്കുന്നുണ്ടെന്നും ഉടന്‍ തന്നെ കുഞ്ഞുമായി കൂടിച്ചേരാനാവുമെന്നാണ് പ്രതീക്ഷയെന്നും അജിത്കുമാര്‍ പറയുന്നു.
കുഞ്ഞിനെ തിരികെ ലഭിക്കാന്‍ ഏതറ്റം വരെയും പോവുമെന്നും അജിത്കുമാര്‍ സമയം പ്ലസിനോട് പറഞ്ഞു. നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ അനുപമയുടെ പിതാവ് ജയചന്ദ്രനെതിരെ നടപടി വേണമെന്നും ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി ജെ.എസ്. ഷിജുഖാന്, സി.ഡബ്ല്യു.സി ചെയര്‍പഴ്സന്‍ എന്‍.സുനന്ദ എന്നിവരെ സ്ഥാനങ്ങളില്‍ നിന്നു പുറത്താക്കണമെന്നും അജിത് കുമാര്‍ ആവശ്യപ്പെടുന്നു.
“ഞങ്ങളുടെത് സി.പി.ഐ.എം പാര്‍ട്ടി കുടുംബമാണ്” തിരുവനന്തപുരം കുറവന്‍കോണം സ്വദേശിയായ അജിത്കുമാര്‍ പറയുന്നു. ഹിന്ദു ചേരമന്‍ വിഭാഗമായ കുടുംബത്തില്‍ ആറു പാര്‍ട്ടി അംഗങ്ങളാണുള്ളത്. ബി.എസ്.എന്‍.എല്ലില്‍ ഉദ്യോഗസ്ഥനായിരുന്ന അച്ചന് സി.പി.ഐ.എം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി അംഗമാണ്. ‘ആരോഗ്യകരമായ കുടുംബ അന്തരീക്ഷ’ത്തില്‍ വളര്‍ന്ന അജിത് കുമാര്‍ ബാലസംഘം, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എന്നിവയിലൂടെയാണ് സി.പി.ഐ.എമ്മില്‍ എത്തിയത്. ഡി.വൈ.എഫ്.ഐ പേരൂര്‍ക്കട മേഖലാ സെക്രട്ടറിയും പാര്‍ട്ടി സ്ഥിരം അംഗവുമായിരിക്കെയാണ് അനുപമ വിഷയത്തില്‍ പുറത്താക്കപ്പെടുന്നത്.
തിരുവനന്തപുരത്തെ ഒരു മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പി.ആര്.ഒ ആയി ജോലി ചെയ്യുന്ന അജിത്കുമാര്‍ ഇപ്പോള്‍ അവധിയിലാണ്. ഡാന്‍സറും കൂടിയ അജിത് ഒരു സിനിമയില്‍ കൊറിയോഗ്രാഫറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
”ഞാന്‍ ഒരു ക്രിമിനലും വിത്തുകാളയും മദ്യപാനിയും പീഡകനുമാണെന്നാണ് ഇപ്പോള്‍ പാര്ട്ടിക്കാര് പ്രചരിപ്പിക്കുന്നത്. പാര്‍ട്ടിയില്‍ സജീവമായിരുന്ന കാലത്ത് അവര്‍ അത്തരം ആരോപണങ്ങളൊന്നും ഉന്നയിച്ചിരുന്നില്ല. 2001-2006 കാലത്ത് കേരളം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വിദ്യഭ്യാസ നയങ്ങള്‍ക്കെതിരെ എസ്.എഫ്.ഐ നടത്തിയ സമരത്തില്‍ പങ്കെടുത്ത് 32 ദിവസം ജയിലില്‍ കിടന്നിട്ടുണ്ട്. ആ കേസ് പിന്നീട് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ എഴുതിത്തള്ളി. അതല്ലാതെ എനിക്കെതിരെ മറ്റൊരു കേസുകളുമില്ല. ആരും പാര്‍ട്ടിയില്‍ എനിക്കെതിരെ പരാതികളും നല്‍കിയിട്ടില്ല”–അജിത്കുമാര്‍ പറയുന്നു.
കൂട്ടുകാരന്റെ ഭാര്യയെ വിവാഹം കഴിച്ചിട്ടില്ല
അനുപമയുടെ പിതാവും പാര്‍ട്ടിക്കാരും പ്രചരിപ്പിച്ച കഥകള്‍ വിശ്വസിച്ചാണ് നിലവിലെ ഒരു മന്ത്രിയും സിപി.ഐ.എം നേതാക്കളും ഇടതു നിരീക്ഷകര്‍ എന്നറിയപ്പെടുന്ന ചിലരും പരസ്യപ്രസ്താവനകള്‍ നടത്തിയതെന്ന് അജിത്കൂമാര്‍ പറയുന്നു. സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സാംസ്കാരിക വകുപ്പ് നടപ്പാക്കുന്ന ‘സമം’ പദ്ധതിയുടെ ഭാഗമായി നടത്തുന്ന സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം ക്യാമ്പസില്‍ ഉദ്ഘാടനം ചെയ്യുമ്പോളാണ് മന്ത്രി വിവാദ പ്രസ്താവന നടത്തിയിരുന്നത്.
മന്ത്രി പറഞ്ഞത്
”കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന് ജയിലേക്കു പോവുക. അമ്മക്ക് കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം.”
ഈ പ്രസ്താവയില്‍ ഒന്നു പോലും സത്യമല്ലെന്ന് അജിത്കുമാര്‍ പറയുന്നു. മന്ത്രിയുടെ പരാമര്‍ശനത്തിന് എതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. പക്ഷെ, മന്ത്രിയുടെ പ്രസ്താവനയില്‍ ഞങ്ങളുടെ പേരുകളില്ലെന്ന് പറഞ്ഞ് പോലീസ് പരാതി മടക്കി. മന്ത്രിയുടെയും നേതാക്കളുടെയും പ്രഖ്യാപിത ഇടത് നിരീക്ഷകരുടെയും പരാമര്‍ശം തനിക്ക് സമൂഹത്തില്‍ വലിയ മോശപ്പേരാണ് ഉണ്ടാക്കിയതെന്ന് അജിത് കുമാര്‍ പറയുന്നു. ”കുട്ടിയെ തട്ടിക്കൊണ്ടുപോയ പിതാവിന് അനുകൂലമായ സഹതാപതരംഗവും സൃഷ്ടിക്കപ്പെടാന്‍ മന്ത്രിയുടെ പ്രസ്താവന കാരണമായി. പാര്‍ട്ടി അജണ്ഡയുടെ ഭാഗമായുള്ള പ്രചരണമായിരുന്നു അതെന്നാണ് എനിക്ക് തോന്നുന്നത്.”–അജിത് കുമാര്‍ പറയുന്നു.
കഴിച്ചത് ഒരേയൊരു വിവാഹം
സി.പി.ഐ.എം അനുഭാവിയായിരുന്ന ഒരു യുവതിയൊണ് 2011ല്‍ വിവാഹം കഴിച്ചതെന്ന് അജിത്കുമാര്‍ പറയുന്നു. ”അവര്‍ മുമ്പ് വിവാഹിതയായിരുന്നു. അവരുടെ മുന്‍ഭര്‍ത്താവിനെ പരിചയമില്ല, അയാളെ കണ്ടിട്ടു പോലുമില്ല. വിവാഹബന്ധത്തില്‍ ഞങ്ങള്‍ക്ക് കുഞ്ഞുങ്ങളുണ്ടായില്ല. വിവാഹം കഴിഞ്ഞ് രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ബന്ധം മോശമായി. 2018ല്‍ വേര്‍പിരിഞ്ഞു ജീവിക്കാന്‍ തുടങ്ങി. 2021ല്‍ കോടതി വിവാഹമോചനം അനുവദിച്ചു.”–അജിത്കുമാര്‍ വിശദീകരിച്ചു.
രണ്ടു പേരും ചേര്‍ന്ന് സംയുക്തമായാണ് വിവാഹമോചനത്തിന് കോടതിയെ സമീപിച്ചത്. ”ഞാന്‍ ഉപദ്രവിച്ചെന്നോ പീഡിപ്പിച്ചെന്നോ എന്നൊന്നും അവര്‍ വിവാഹമോചന ഹര്‍ജിയില്‍ പറഞ്ഞിട്ടില്ല. കൂടാതെ പാര്‍ട്ടിയിലും എനിക്കെതിരെ പരാതിയൊന്നും നല്‍കിയില്ല. പിന്നീടുണ്ടായ കഥകളെല്ലാം കെട്ടിചമച്ച കഥകള്‍ മാത്രമാണ്.”
‘പുലയനെ വാഴാന്‍ അനുവദിക്കില്ല’
2020 സെപ്റ്റംബര്‍ മൂന്നിനാണ് ഞാന്‍ അനുപമയുമായി പോയത്. പക്ഷെ, അവരുടെ വീട്ടുകാരുടെ ആവശ്യപ്രകാരം തിരികെ വന്നു. അനുപമയുടെ ചേച്ചിയുടെ വിവാഹത്തിന് ശേഷം എല്ലാ പ്രശ്നങ്ങളും തീര്‍ക്കാമെന്നാണ് അവര്‍ പറഞ്ഞത്. തിരികെ പോയ അനുപമയെ അവര്‍ മാനസികമായി പീഡിപ്പിച്ചെന്ന് അജിത്കുമാര്‍ പറയുന്നു. ”പുലയന്റെ സന്തതിയെ പേരൂര്‍ക്കട സദാശിവന്റെ കുടുംബത്തില്‍ വാഴാന്‍ അനുവദിക്കില്ല. നിനക്ക് കുഞ്ഞിനെ ഒരിക്കലും തിരികെ ലഭിക്കില്ല. നിങ്ങളെ പേരൂര്‍ക്കടയില്‍ ജീവിക്കാന്‍ അനുവദിക്കില്ല. നിന്റെ ആവശ്യങ്ങള്‍ തീര്‍ക്കാന്‍ ഞാന്‍ വേണമെങ്കില്‍ മറ്റാരെയെങ്കിലും ഏര്പ്പാടാക്കുമായിരുന്നല്ലോ.”–വീട്ടില്‍ വെച്ച് പിതാവ് ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയെന്ന് അനുപമ അറിയിച്ചെന്ന് അജിത്കുമാര്‍ പറയുന്നു. ഇക്കാര്യങ്ങള്‍ പിതാവിന് എതിരെ പോലീസില്‍ നല്കിയ പരാതിയിലും അനുപമ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പരാതിയില്‍ പോലീസ് കാര്യമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
ഒരുമിക്കാന്‍ അവസരം ലഭിച്ച ശേഷം അജിത്തും അനുപമയും അജിത്തിന്റെ വീട്ടിലാണ് താമസം. വീട്ടിലാര്‍ക്കും ബന്ധത്തില്‍ പ്രശ്നങ്ങളില്ലെന്നും അജിത്ത് പറയുന്നു. കുട്ടിയെ തിരികെ വേണമെന്ന് കേസ് ഇനി നവംബര്‍ 20നാണ് കുടുംബകോടതി പരിഗണിക്കുക. അതേസമയം, അനുപമയുടെ കുഞ്ഞിനെ ആന്ധ്രപ്രദേശ് സ്വദേശികളായ ദമ്പതികളില്‍ നിന്ന് തിരികെ വാങ്ങികൊണ്ടുവരണമെന്ന് ശിശുക്ഷേമസമിതി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന് നിര്‍ദേശം നല്‍കിയതായി ‘ദ ഹിന്ദു’ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ചു ദിവസത്തിനകം കുഞ്ഞിനെ തിരികെ കൊണ്ടുവരാനാണ് നിര്‍ദേശം. തിരികെയെത്തുന്ന കുഞ്ഞ്, അനുപമയുടെ കേസില്‍ കുടുംബകോടതി തീര്‍പ്പ് കല്‍പ്പിക്കും വരെ ബാലനീതി നിയമപ്രകാരമുള്ള സംരക്ഷണത്തില്‍ കഴിയും. കുഞ്ഞ് അനുപമയുടേതാണ് എന്ന് ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരിക്കുന്നതു വരെ ഇതു തുടരുമെന്നാണ് ദ ഹിന്ദുവിലെ റിപ്പോര്‍ട്ട് പറയുന്നത്.
അനുപമക്ക് പിന്തുണ
കുഞ്ഞിനെ തിരിച്ചുലഭിക്കാന്‍ അനുപമയും അജിത്തും നടത്തുന്ന സമരത്തിന് വലിയ പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നിരവധി പേരാണ് സമരം നടക്കുന്ന സ്ഥലത്തെത്തി ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നത്. കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീപക്ഷ ബുദ്ധിജീവികളും അനുപമയുടെ കുഞ്ഞിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയിട്ടുണ്ട്.
ജോര്‍ജിയയിലെ സാവന്ന സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം പ്രഫസറായ ഡോ. ഗായത്രി ദേവി, ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ ഇടതുപക്ഷത്തോട് ചേര്‍ന്നുനിന്നിരുന്ന സോഷ്യലിസ്റ്റ് ആരോഗ്യപ്രവര്‍ത്തകനായ പ്രഫ. മോഹന്‍ റാവു, സ്ത്രീ അവകാശ പ്രവര്‍ത്തകയായ പ്രഫ.കല്‍പ്പന കന്നബിരാന്‍ തുടങ്ങിയവരാണ് കത്തെഴുതിയിരിക്കുന്നത്.
”നവജാത ശിശുവിനെ യഥാര്‍ത്ഥ മാതാപിതാക്കള്‍ക്ക് തിരിച്ചേല്പ്പിക്കുന്നതിന്റെ പ്രശ്നം മാത്രമല്ല ഇത്. ഭരണകൂട സ്ഥാപനങ്ങള്‍ സാമൂഹിക നീതി ഇല്ലാതാക്കുന്നതിന്റെ വിഷയം കൂടി ഇവിടെയുണ്ട്…. അത് വലതുപക്ഷ ശക്തികളുടെ അടിച്ചമര്‍ത്തലിനെതിരെ പ്രതീക്ഷ നല്കുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ഒട്ടും ഭൂഷണമല്ല…..ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ മൂലം ഉണ്ടായ തെറ്റായ ദത്തെടുക്കല്‍ നടപടികള്‍ തിരുത്തി യുവ ദമ്പതികള്‍ക്ക് കുഞ്ഞിനെ തിരിച്ചേല്‍പ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം”–പ്രഫ. മോഹന്‍ റാവു കത്തില്‍ ആവശ്യപ്പെടുന്നു.
മഖ്യമന്ത്രിയുടെ പാര്‍ട്ടിയിലെ ഒരു അംഗം കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത് ഭീതിജനകമായ സംഭവമാണെന്ന് കല്‍പ്പന കന്നബിരാന്‍ എഴുതിയ കത്ത് പറയുന്നു. ”സ്ത്രീകളുടെ അന്തസും സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ പ്രതികള്‍ക്കെതിരെ കേസെടുത്ത് അടിയന്തിര നിയമനടപടികള്‍ സ്വീകരിക്കാത്തത് വലിയ ആശങ്കയാണുണ്ടാക്കുന്നത്. വാചാടോപവും പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസത്തിന്റെ ലക്ഷണമാണ് ഇത് കാണിക്കുന്നത്. ഏഴു വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ് അനുപമയുടെ മാതാപിതാക്കള്‍ ചെയ്തിരിക്കുന്നത്. കുട്ടിയുടെ മാതാവിന്റെ സമ്മതം പോലും തേടാതെ ദത്ത് നല്‍കിയത് സ്വകാര്യതയും അന്തസും സംബന്ധിച്ച ജസ്റ്റിസ് പുട്ടസ്വാമി കേസിലെ സുപ്രിംകോടതി വിധിയുടെ ലംഘനമാണ്. ഈ സംഭവത്തെ കുടുംബപ്രശ്നമായി കാണുന്നത് തെറ്റാണ്. മറിച്ച് ഇത് അനുപമയുടെ അന്തസിനും സ്വയംനിര്‍ണയാവകാശത്തിനും എതിരായ അക്രമമാണ്…. അതിനാല്‍ കേരളത്തിലെ യുവതികളുടെ അന്തസ് സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. പരമ്പരാഗത സ്ത്രീവിരുദ്ധതക്കു പകരം ഭരണഘടനാ മൂല്യങ്ങളാണ് സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത്.”–കല്‍പ്പന കന്നബിരാന്റെ കത്ത് പറയുന്നു.
****