ന്യൂഡല്ഹി
ഇന്ത്യയുടെ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങള്ക്കെതിരെ ആഞ്ഞടിച്ച് ബോളിവുഡ് നടനും കൊമേഡിയനുമായ വീർ ദാസ് നടത്തിയ പരിപാടി വിവാദത്തില്. രണ്ട് തരം ഇന്ത്യയിൽനിന്നാണ് വരുന്നതെന്ന തലക്കെട്ടോടെ വാഷിങ്ടണിൽ നടത്തിയ പരിപാടിയാണ് വിവാദമായത്. ഒരേ സമയം സസ്യാഹാരികളെന്ന് അഭിമാനിക്കുകയും അവ കൃഷിചെയ്തുണ്ടാക്കുന്ന കർഷകരുടെ മേൽ വാഹനമോടിച്ചുകയറ്റുകയും ചെയ്യുന്നവരുടെയും നാടാണ് ഇന്ത്യയെന്നും പകൽ സ്ത്രീകളെ ആരാധിക്കുകയും രാത്രിയിൽ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്യുന്ന രാജ്യത്തുനിന്നാണ് വരുന്നതെന്നും വീർ ദാസ് വിമര്ശിച്ചു. പരാമര്ശങ്ങള് ഇന്ത്യയെ അധിക്ഷേപിച്ചെന്നാരോപിച്ച് വീര് ദാസിനെതിരെ ബിജെപി ലീഗല് അഡ്വൈസര് അശുതോഷ് ദുബൈ പരാതി നല്കി. രാജ്യത്ത് നിലനില്ക്കുന്ന വൈരുധ്യങ്ങള് ഹാസ്യരൂപേണ ചൂണ്ടിക്കാട്ടുകമാത്രമാണ് ചെയ്തതെന്ന് വീര് ദാസ് പ്രതികരിച്ചു.
ഇന്ത്യയില് വര്ധിച്ചു വരുന്ന വര്‍ഗീയ പ്രശ്നങ്ങള്, ഇന്ധന വിലവര്ധന, ദാരിദ്ര്യം, പിഎം കെയര്, കോവിഡ് പ്രതിരോധത്തിലെ വീഴ്ച, കര്ഷക സമരം തുടങ്ങിയവ ആറ് മിനിറ്റ് ദൈര്ഘ്യമുള്ള പരിപാടിയില് പരാമര്ശിച്ചു.