കോഴിക്കോട്
കോവിഡിനിടെ റെയിൽവേ ഏർപ്പെടുത്തിയ ഉത്സവകാല പ്രത്യേക ട്രെയിനുകളിൽ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് യാത്ര ഇരട്ടി നിരക്കിൽ. പ്രത്യേക ട്രെയിനുകൾ കുറഞ്ഞ നിരക്കിലേക്ക് തിരിച്ചെത്തുമ്പോൾ മുൻകൂർ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ കാര്യത്തിൽ റെയിൽവേയ്ക്ക് മൗനം.
ശബരി, കാച്ചിഗുഡ, ഓഖ, ഖൊരക്പുർ എക്സ്പ്രസുകളാണ് കേരളത്തിലൂടെ സ്പെഷ്യലായി ഓടിയ പ്രധാന ട്രെയിനുകൾ. തിരക്കേറിയ ഈ ട്രെയിനുകളിൽ ഏറെ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരാണ് അധികവും. ശബരി എക്സ്പ്രസിൽ സ്ലീപ്പർകോച്ചിൽ 385 രൂപയായിരുന്നു തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്കുള്ള നിരക്ക്. ഇത് സാധാരണ എക്സ്പ്രസ് ട്രെയിനായപ്പോൾ 145 രൂപയായി. തത്കാൽ ടിക്കറ്റിന്റെ ചാർജായിരുന്നു കോവിഡ് കാലത്ത് ഈടാക്കിയത്.
സ്പെഷ്യൽ ട്രെയിൻ പദവിയിൽനിന്ന് എക്സ്പ്രസിലേക്ക് മാറിയപ്പോൾ പുതിയ ട്രെയിൻ–-പിഎൻആർ നമ്പറുകൾ ടിക്കറ്റ് എടുത്തവർക്ക് അയച്ചു കൊടുക്കുന്നുണ്ട്. എന്നാൽ ഈടാക്കിയ കൂടിയതുക തിരിച്ചുനൽകുന്നില്ല.
പുതുതായി ടിക്കറ്റെടുക്കുന്നവർ കുറഞ്ഞ നിരക്കിൽ യാത്രചെയ്യുമ്പോൾ മുൻകൂർ ടിക്കറ്റെടുത്തവർ കൂടുതൽ പണം നൽകേണ്ടിവരുന്നത് നീതീകരിക്കാനാവില്ലെന്നും അധികതുക തിരിച്ചുനൽകണമെന്നുമാണ് ഇവരുടെ ആവശ്യം. പ്രത്യേക ട്രെയിൻ നമ്പറുകൾ പഴയപടിയാക്കുന്ന ജോലി നടക്കുന്നതിനാൽ ആളുകൾക്ക് രാത്രി ടിക്കറ്റെടുക്കാനും കഴിയുന്നില്ല. ടിക്കറ്റെടുക്കാൻ അനുവദിക്കുന്നത് സെർവർ തകരാറിലാക്കുമെന്നാണ് റെയിൽവേ പറയുന്നത്.