തിരുവനന്തപുരം
സിപിഐ എം നയവും നിലപാടും അടിക്കടി സൗകര്യംപോലെ ‘മാറ്റി’ യുഡിഎഫ് പത്രം മനോരമ. പാർടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയ ചർച്ചയെക്കുറിച്ചാണ് ലേഖകന്റെ പരസ്പരവിരുദ്ധമായ തള്ളിമറിക്കൽ.
ആദ്യ വാർത്തയിൽ ‘ഹൈദരാബാദ് പാർടി കോൺഗ്രസ് സ്വീകരിച്ച നയം തുടരും’ എന്ന് തട്ടിവിട്ടു. ‘കോൺഗ്രസ് ഉൾപ്പെട്ട വിശാലസഖ്യത്തിന് മുൻഗണന’ എന്ന തട്ടുപൊളിപ്പൻ തലക്കെട്ടും. ഈ മഷിയുണങ്ങുംമുമ്പ് അടുത്തത്. ‘കൈപിടിക്കില്ലെന്ന് പിബി.’ അതിന്റെ വിശദീകരണമാണ് ബഹുകേമം ‘അഞ്ചു സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി കൂട്ടുകെട്ടില്ല. പക്ഷേ, കോൺഗ്രസുൾപ്പെടെയുള്ള തമിഴ്നാട് മോഡലും പ്രാദേശിക സഖ്യവുമാകാം.’ എന്നാൽ, ബുധനാഴ്ച എല്ലാം എഴുതി ‘കോംപ്ലിമെന്റ്സാക്കി.’ ‘തുറന്ന സമീപനം, തർക്കിച്ച് സമയം കളയണ്ട, ബിജെപി വിരുദ്ധ വോട്ട് വാങ്ങാം’.
സിപിഐ എമ്മിന്റെ സംഘടനാ രീതിയെക്കുറിച്ച് അടിസ്ഥാന ധാരണ ഇതെഴുതുന്നവർക്ക് ഇല്ലെന്ന് തെളിയിക്കുന്നതാണ് ഈ വാർത്തകൾ. ഒക്ടോബറിൽ നടന്ന കേന്ദ്ര കമ്മിറ്റി യൊഗത്തിൽ പിബി അംഗം പിണറായി വിജയൻ സംസാരിച്ചെന്നുവരെ അടിച്ചിറക്കിയ മാധ്യമവും കേരളത്തിലുണ്ട്.