കണ്ണൂർ
കണ്ണൂർ സർവകലാശാലാ അധ്യാപക നിയമനത്തിന്റെ പേരിൽ വീണ്ടും വിവാദം സൃഷ്ടിച്ച് സിപിഐ എമ്മിനെതിരെ രാഷ്ട്രീയമുതലെടുപ്പിന് ശ്രമം. രണ്ട് സിപിഐ എം വിരുദ്ധർ ഭാരവാഹികളായ, തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയും ചില മാധ്യമങ്ങളുമാണിതിന് പിന്നിൽ. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ കെ രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വർഗീസ് കണ്ണൂർ സർവകലാശാല മലയാളം വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിച്ചത് വലിയ അപരാധമായാണ് പ്രചരിപ്പിക്കുന്നത്.
അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ അപേക്ഷിക്കാൻ എട്ട് വർഷത്തെ അധ്യാപനപരിചയമാണ് യോഗ്യത. 2012 മുതൽ തൃശൂർ കേരളവർമ കോളേജിൽ അസി. പ്രൊഫസറാണ് പ്രിയ വർഗീസ്. ഫാക്കൽറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഗവേഷണപ്രവർത്തനങ്ങൾക്ക് അവധിയെടുത്താലും അക്കാദമിക യോഗ്യതയായി കണക്കാക്കും. ഡെപ്യൂട്ടേഷൻ കാലാവധിയും സർവീസ് ബ്രേക്ക് അല്ല. ഇതനുസരിച്ച് കോളേജ് പ്രിൻസിപ്പൽ നൽകിയ ഒമ്പത് വർഷത്തെ പ്രവൃത്തിപരിചയ സാക്ഷ്യപത്രം സഹിതമാണ് പ്രിയ അപേക്ഷിച്ചത്. ഒന്നര വർഷത്തിലേറെ മറ്റ് അധ്യാപന പരിചയവുമുണ്ട്. ആകെ ലഭിച്ച ഒമ്പതിൽ യോഗ്യരായ ആറുപേരുടെ ചുരുക്കപ്പട്ടികയാണ് തയ്യാറാക്കിയതെന്ന് പ്രോ -വൈസ് ചാൻസലർ പ്രൊഫ. എ സാബു പറഞ്ഞു.
അഭിമുഖം നടക്കുംമുമ്പേ വിഷയം സിപിഐ എമ്മിനെതിരെ തിരിക്കാനാണ് ശ്രമം. എല്ലാ യോഗ്യതയും ഉണ്ടെങ്കിലും സിപിഐ എം നേതാക്കളോ ബന്ധുക്കളോ അനുഭാവികളോ ഒരു ജോലിക്കും അപേക്ഷിക്കാൻ പാടില്ലെന്ന ദുഷ്ടചിന്തയാണ് ചിലർക്ക്.