ന്യൂഡൽഹി
ത്രിപുര വർഗീയസംഘർഷത്തെപ്പറ്റി സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചതിന്റെ പേരിൽ യുഎപിഎ ചുമത്തപ്പെട്ട മാധ്യമപ്രവർത്തകനെയും അഭിഭാഷകരെയും അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി. മാധ്യമപ്രവർത്തകൻ ശ്യാംമീരാസിങ്, അഭിഭാഷകരായ അൻസാറുൾഹഖ് അൻസാർ, മുകേഷ് എന്നിവരുടെ ഹർജിയിൽ ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് ത്രിപുര സർക്കാരിനും പൊലീസിനും നോട്ടീസ് അയച്ചു. ‘ത്രിപുര കത്തുന്നു’–- എന്ന ഫെയ്സ്ബുക്ക് പ്രതികരണത്തിന്റെ പേരിലാണ് ശ്യാംമീരാസിങ്ങിന് എതിരെ കേസെടുത്തത്. സംഘർഷമേഖല സന്ദർശിച്ച് വസ്തുതാറിപ്പോർട്ട് തയ്യാറാക്കിയതിന്റെ പേരിലാണ് അഭിഭാഷകർക്ക് യുഎപിഎ ചുമത്തിയത്.
ത്രിപുര സംഘർഷം റിപ്പോർട്ട് ചെയ്ത രണ്ടു വനിതാ മാധ്യമപ്രവർത്തകരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കോടതി ജാമ്യം അനുവദിച്ചു.
യുഎപിഎയ്ക്ക് എതിരായ ഹർജികൾ: കേന്ദ്രത്തിന് നോട്ടീസ്
യുഎപിഎയുടെ നിയമസാധുത ചോദ്യംചെയ്ത് വിരമിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥർ നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്. യുഎപിഎ ആക്റ്റ് 1967ലെ പല വകുപ്പുകളും അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നതിനാൽ ഭരണഘടനാവിരുദ്ധമാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ചീഫ്ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് വിഷയത്തിൽ കേന്ദ്രസർക്കാരിന് നോട്ടീസ് അയക്കാൻ നിർദേശിച്ചു. ഐഎഎസ് ഉദ്യോഗസ്ഥരായിരുന്ന ഹർഷ്മന്ദർ, വജഹത്ത് ഹബീബുള്ള, അമിതാഭപാണ്ഡെ, കമൽകാന്ത് ജെയ്സ്വാൾ, ഹിണ്ടൽ ഹൈദർതയാബ്ജി, എം ജി ദേവസഹായം, ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന ജൂലിയോഫ്രാൻസിസ് റിബേറോ, മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥൻ അശോക്കുമാർ ശർമ തുടങ്ങിയവരാണ് ഹർജിക്കാർ.