ശബരിമല > ദേവസ്വത്തിലെ പ്രധാന പ്രസാദമായ അരവണ പായസത്തെക്കുറിച്ച് വർഗീയത കലർത്തി പ്രചാരണം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം കമീഷണർ അറിയിച്ചു. അരവണയുടെ നിർമാണ രീതിയെക്കുറിച്ച് സമീപ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും വ്യാജപ്രചാരണം നടത്തുന്നതായി ബോർഡിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ദൃശ്യമാധ്യമത്തിലൂടെ അടക്കം നടത്തുന്ന പ്രചാരണങ്ങൾ വ്യാജവും വസ്തുതാവിരുദ്ധവുമാണ്.
ഹീനവും അപകീർത്തികരവുമായ ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ ഐടി നിയമപ്രകാരമുള്ള കർശനനടപടികൾ എടുക്കാവുന്നതാണ്. ശബരിമല ദേവസ്വത്തിലെ അരവണ പ്രസാദത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെയും ജനം ടിവിയിലൂടെയും നടത്തുന്ന സൈബർ കുപ്രചാരണങ്ങൾക്കെതിരെ കേസ് രജിസ്റ്റർചെയ്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല എക്സിക്യുട്ടീവ് ഓഫീസർ സന്നിധാനം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.