കൊച്ചി: കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച കേസിൽ ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടിനെയും അഞ്ചു ജീവനക്കാരേയും അറസ്റ്റ് ചെയ്തു.ഹോട്ടലിൽ നടന്ന നിശാപാർട്ടി അടക്കമുള്ളവയുടെ ദൃശ്യങ്ങൾ നശിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്.
ഹോട്ടലുടമയെഎറണാകുളം എ.സി.പി.യുടെ ഓഫീസിൽ വിളിച്ചുവരുത്തി അന്വേഷണ സംഘം ചോദ്യംചെയ്ത് വരികയായിരുന്നു. ഇയാൾ ഒരു ഡിജിറ്റൽ വീഡിയോ റെക്കോഡർ (ഡി.വി.ആർ.) പോലീസിന് കൈമാറിയിരുന്നു. എന്നാൽ വിവാദ സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടുന്ന ഡിജിറ്റൽ വീഡിയോ റെക്കോഡർ നശിപ്പിച്ചുവെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
നിശാപ്പാർട്ടിനടന്ന ഹാളിലെയും ഹോട്ടലിന് പുറത്തെയും സി.സി.ടി.വി. ദൃശ്യങ്ങളുടെ ഡി.വി.ആറാണ് മാറ്റിയത്. അപകടത്തിൽപ്പെട്ട കാറിനെ പിന്തുടർന്ന ഓഡി കാറിന്റെ ഡ്രൈവർ സൈജുവിനെ പോലീസ് ചോദ്യംചെയ്തിരുന്നു. അപകടത്തിനുശേഷം റോയിയെ സൈജു വിളിച്ചതായി കണ്ടെത്തിയിരുന്നു. അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നെന്നും മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന മുന്നറിയിപ്പ് നൽകുന്നതിനാണ് പിന്തുടർന്നതെന്നുമാണ് സൈജുവിന്റെ മൊഴി.
അപകടത്തിൽ മുൻ മിസ് കേരള അൻസി കബീർ (25), മിസ് കേരള മുൻ റണ്ണറപ്പ് അൻജന ഷാജൻ (24) എന്നിവർ സംഭവസ്ഥലത്തും കെ.എ. മുഹമ്മദ് ആഷിഖ് (25) പിന്നീടും മരിച്ചു. കാർ ഓടിച്ചിരുന്ന റഹ്മാൻ മാത്രമാണ് രക്ഷപ്പെട്ടത്.
സിനിമാമേഖലയിലെ ചില പ്രമുഖർ ഈ ഹോട്ടലിൽ അപകടദിവസം തങ്ങിയതായി വിവരമുണ്ട്. മിസ് കേരളയടക്കമുള്ള സംഘത്തോട് പാർട്ടിയിൽവെച്ച് ഇവർ തർക്കത്തിലേർപ്പെട്ടതായാണ് കരുതുന്നത്. തുടർന്ന് പിണങ്ങിപ്പോയ സംഘവുമായുള്ള പ്രശ്നം പറഞ്ഞുതീർക്കാനാണ് ഹോട്ടലുടമയുടെ നിർദേശപ്രകാരം ഓഡി കാർ പിന്തുടർന്നതെന്നാണ് സംശയം