ചിറ്റൂർ> പത്താംക്ലാസ് വിദ്യാർഥിനി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ അറസ്റ്റിലായ എസ്ഡിപിഐ പ്രവർത്തകൻ റിമാൻഡിൽ. വണ്ടിത്താവളം അത്തിമണി ആഷ മൻസിലിൽ എസ് ആസാദി(25)നെയാണ് ചിറ്റൂർ സെഷൻസ് കോടതി റിമാൻഡ് ചെയ്തത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ പേരുള്ള ആസാദ് സജീവ എസ്ഡിപിഐ പ്രവർത്തകനാണ്.
ചിറ്റൂർ സ്വദേശിനിയായ 15 വയസ്സുകാരിയെ ചൊവ്വ രാവിലെ പത്തോടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടത്. പുറത്തുപോയ അച്ഛൻ തിരികെയെത്തിയപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്. മൃതദേഹത്തിന് സമീപത്തുനിന്നും പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. തുടർന്ന്, ചൊവ്വ ഉച്ചയോടെ ചിറ്റൂർ പൊലീസ് ആസാദിനെ കസ്റ്റഡിയിലെടുത്തു. ഇലക്ട്രീഷ്യനാണ് ആസാദ്. ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തും.