തിരുവന്തപുരം: ദേശീയപാത 66 ആറ് വരി പാതയാക്കുന്ന പ്രവർത്തനങ്ങളിൽ 20 റീച്ചുകളിൽ 16 എണ്ണത്തിൽ ദേശീയ പാത അതോറിറ്റി കരാർ ഉറപ്പിച്ചു. ബാക്കിയുള്ള നാല് റീച്ചുകളിലും വൈകാതെ കരാർ നൽകും. ഭൂമി ഏറ്റെടുക്കലിന്റെ നഷ്ടപരിഹാര വിതരണം ആറ് മാസം കൊണ്ട് പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കാസർകോട്ജില്ലയിലെ തലപ്പാടി മുതൽ തിരുവനന്തപുരം ജില്ലയിലെ കാരോട് വരെ ഏകദേശം 600 കിലോമീറ്റർ റോഡാണ് ആറ് വരി പാതയാക്കുന്നത്. ആകെയുള്ള ദൈർഘ്യത്തെ 20 റീച്ചുകളായി തിരിച്ചാണ് നിർമ്മാണം. തലപ്പാടി മുതൽ ചെങ്ങള വരെയുള്ള 39 കിലോ മീറ്ററാണ് ആദ്യ റീച്ച്. വടകര, അഴിയൂർ മുതൽ വെങ്ങളം വരെയുള്ള 40.80 കിലോമീറ്ററാണ് ദൈർഘ്യമേറിയ റീച്ച്.
ആകെയുള്ള 20 റീച്ചുകളിൽ 16 എണ്ണത്തിലും കരാറായി. ബാക്കിയുള്ള 4 റീച്ചുകളിൽ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. കാസർകോഡിൽ 98 ശതമാനവും, കണ്ണൂരിൽ 96 ശതമാനവും, കോഴിക്കോട് 97 ശതമാനവും സ്ഥലമേറ്റെടുപ്പ് പൂർത്തിയായി.
ഭൂമി ഏറ്റെടുക്കുന്നതിന്റെ 25 ശതമാനം തുക സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. 2013ലെ ഭൂമിയേറ്റെടുക്കൽ ചട്ട പ്രകാരം നഷ്ടപരിഹാരമായി രണ്ടിരട്ടി തുക വരുന്ന മികച്ച നഷ്ടപരിഹാരമാണ് ഭൂവുടമകൾക്ക് നൽകുന്നത്. സംസ്ഥാനത്ത് ഇപ്പോൾ നടന്നു വരുന്ന നഷ്ടപരിഹാര വിതരണം 6 മാസത്തിനകം പൂർത്തിയാക്കും. ദേശീയപാത-66 പരിപൂർണ്ണമായും 6 വരിയാകുന്നതോടെ സംസ്ഥാനത്തെ റോഡ് ഗതാഗതം കൂടുതൽ സുഗമവും സുരക്ഷിതവും ആകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Content Highlights: NH 66 six lane – contract