കണ്ണൂർ: തലശ്ശേരി ഫസൽ വധക്കേസിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് സി.ബി.ഐ. ഡി.വൈ.എസ്.പിമാരായ പി.പി സദാനന്ദൻ പ്രിൻസ് എബ്രഹാം എന്നിവർക്കെതിരെയാണ് നടപടി ആവിശ്യപ്പെട്ടിരിക്കുന്നത്. സി.ഐ കെ.പി സുരേഷ് ബാബുവിനെതിരെയും നടപടി എടുക്കണമെന്നും നിർദേശമുണ്ട്. ഫസൽ അന്വേഷണ കേസിലെ തുടരന്വേഷണറിപ്പോർട്ടിലാണിത്.
ഫസൽ വധക്കേസിന് പിന്നിൽ ആർ.എസ്.എസ് ആണ് എന്നാണ് മറ്റൊരു കേസിലെ പ്രതിയായ സുബീഷിന്റെ മൊഴിയിലൂടെ സ്ഥാപിക്കാൻ ശ്രമിച്ചത്. അതേ തുടർന്ന് ഹൈക്കോടതി ഇതിലിടപെടുകയും തുടരന്വേഷണം നിർദേശിക്കുകയും ചെയ്തു. തുടരന്വേഷണം നടത്തിയ സി.ബി.ഐ ആർ.എസ്.എസ് ആണ് കൊലപാതകത്തിന് പിന്നിലെന്ന വാദം തള്ളുകയും കാരായി രാജനും കാരായി ചന്ദ്രശേഖരനും അടക്കമുള്ളവർ തന്നെയാണ് പ്രതികളെന്ന് വ്യക്തമാക്കുകയും ചെയ്തു. ആ റിപ്പോർട്ടിലാണ് ആർ.എസ്.എസ് പ്രവർത്തകനായ സുബീഷിനെക്കൊണ്ട് കള്ളമൊഴി രേഖപ്പെടുത്തിയസംഭവത്തിൽ ഉന്നതപോലീസ് ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
വാളാങ്കിച്ചാൽ മോഹനൻ വധക്കേസിൽ സുബീഷിനെ കസ്റ്റഡിയിലെടുത്ത് അന്യായമായി തടങ്കലിൽവെച്ച് ഈ മൊഴി രേഖപ്പെടുത്തി എന്നതാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്. ഇതിൽ പോലീസ് രേഖപ്പെടുത്തിയ മൊഴിയും ഫസൽ വധക്കേസിലെ സാഹചര്യങ്ങളും പൊരുത്തപ്പെടുന്നില്ല എന്നും സി.ബി.ഐ വ്യക്തമാക്കുന്നു. നാലുപേർ ഒരു ബൈക്കിൽ നാലുപേർ പോയി എന്നതാണ് സുബീഷിന്റെ മൊഴിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഒരിക്കലും സാധ്യമാകില്ലെന്ന് സി.ബി.ഐ പറയുന്നു.
സുബീഷിനെ കസ്റ്റഡിയിൽ എടുക്കുന്നതിന് മുൻപ് തന്നെ സി.പി.എം അനുകൂല സാമൂഹിക മാധ്യമങ്ങളിൽ കൊലപാതകത്തിന് പിന്നിൽ സുബീഷാണ് എന്ന പ്രചാരണമുണ്ടായിരുന്നു. ഇതിന് ശേഷമാണ് വാളാങ്കിച്ചാൽ മോഹനൻ വധക്കേസിൽ സുബീഷിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. കേസിൽ പുതിയ തെളിവുകളില്ലെന്നും നിലവിലെ പ്രതികൾ തന്നെയാണ് പ്രതികളെന്നും റിപ്പോർട്ടിൽ പറയുന്നു. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെടുന്ന റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറിയിട്ടുണ്ടെന്നും സി.ബി.ഐ പ്രത്യേക കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
Content Highlights: Fasal murder case CBI investigation report