സ്ഥലമേറ്റെടുപ്പും ടെൻഡര്‍ നടപടികളും കഴിഞ്ഞ സാഹചര്യത്തിൽ വടക്കൻ കേരളത്തിൽ പലയിടത്തും നിലവിലെ റോഡ് വീതികൂട്ടുന്നതിനായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 10 ജില്ലകളിലായി കേരളത്തിൻ്റെ വടക്കുമുതൽ തെക്കുവരെ ഏകദേശം 600 കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് വികസനം നടപ്പാകുന്നത്. ഭൂമിയേറ്റെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ മൂലം വര്‍ഷങ്ങളായി നിര്‍മാണം തുടങ്ങാനാകാത്ത സാഹചര്യമായിരുന്നു.
Also Read:
“2013ലെ ഭൂമിയേറ്റെടുക്കൽ ചട്ട പ്രകാരം നഷ്ടപരിഹാരമായി രണ്ടിരട്ടി തുക വരുന്ന മികച്ച നഷ്ടപരിഹാരമാണ് ഭൂവുടമകൾക്ക് നൽകുന്നത്. സംസ്ഥാനത്ത് ഇപ്പോൾ നടന്നു വരുന്ന നഷ്ടപരിഹാര വിതരണം 6 മാസത്തിനകം പൂർത്തിയാക്കും. ദേശീയപാത-66 പരിപൂർണ്ണമായും 6 വരിയാകുന്നതോടെ സംസ്ഥാനത്തെ റോഡ് ഗതാഗതം കൂടുതൽ സുഗമവും സുരക്ഷിതവും ആകും.” മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സ്ഥലമേറ്റെടുക്കുമ്പോള്‍ 75 ശതമാനം തുക നിലവിൽ കേന്ദ്രസര്‍ക്കാരും 25 ശതമാനം തുക സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുന്നത്. സംസ്ഥാനത്ത് റോഡ് വീതികൂട്ടാൻ ഭൂമിയേറ്റെടുക്കുന്നതിനു ചെലവു കൂടുതലാണെന്ന കാരണം മുൻനിര്‍ത്തിയാണ് ഈ മാര്‍ഗം സ്വീകരിച്ചത്.
ഇപ്പോൾ സംസ്ഥാനത്ത് ഭൂരിഭാഗം പ്രദേശങ്ങളിലും ദേശീയപാത 66 രണ്ട് വരി മാത്രമാണ്. എന്നാൽ 2024ഓടു കൂടി പാത പൂര്‍ണമായും ആറു വരിയിലേയ്ക്ക് ഉയത്താനാണ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരം ജില്ലയിൽ കരോട് മുതൽ കഴക്കൂട്ടം വരെ ഏകദേശം നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൊടുങ്ങല്ലൂർ–ഇടപ്പള്ളി, ഇടപ്പള്ളി–തുറവൂർ, പറവൂർ–കൊറ്റംകുളങ്ങര, കടമ്പാട്ടുകോണം– കഴക്കൂട്ടം എന്നീ റീച്ചുകള്‍ മാത്രമാണ് ഇതിൽ കരാര്‍ ഉറപ്പിക്കാനുള്ളത്. ഇടപ്പള്ളി മുതൽ തുറവൂര്‍ വരെ ഇപ്പോള്‍ നാലുവരിപ്പാത നിലവിലുണ്ട്. ഇവിടെയും പാത ആറുവരിയാക്കി വീതികൂട്ടും. ഈ റീച്ചിലും ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. ഇതിനോടകം ഭൂമിയേറ്റെടുത്ത കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിര്‍മാണപ്രവര്‍ത്തനങ്ങളും തുടങ്ങി.
Also Read:
മഹാരാഷ്ട്രയിലെ പനവേൽ മുതൽ തമിഴ്നാട്ടിൽ കന്യാകുമാരി വരെ 1622 കിലോമീറ്ററാണ് ദേശീയപാത 66ൻ്റെ നീളം. കേരളത്തിൽ തെക്കുവടക്ക് ഗതാഗതം സുഗമമാകുന്നതിനു പുറമെ കേരളത്തിൽ നിന്നു മംഗലാപുരം, ഗോവ, മുംബൈ എന്നിവിടങ്ങളിലേയ്ക്കുള്ള അന്തര്‍സംസ്ഥാന യാത്രയ്ക്കും പുതിയ പാതയുടെ വരവോടെ വേഗമേറും. പാതയുടെ ഏറ്റവുമധികം ദൂരം കടന്നു പോകുന്നതും കേരളത്തിലൂടെയാണ്.