പാലക്കാട്: പാർട്ടി അറിയാതെ സർക്കാർ ഭക്ഷ്യക്കിറ്റ്വിതരണം നടത്തിയതിന് എസ്.ടി പ്രമോട്ടർക്ക് സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി. പാലക്കാട് അയിലൂർ ലോക്കൽ സെക്രട്ടറി സജിത്ത് ആണ് എസ്.ടി പ്രമോട്ടർ മണികണ്ഠനെതിരേ ഭീഷണി മുഴക്കിയത്. ആദിവാസി കോളനികളിൽ മഴക്കെടുതിയുടെ കിറ്റ് കൊടുത്തതിനാണ് ഭീഷണി.
പാർട്ടി അറിയാതെ പരിപാടി നടത്തിയാൽ പണികിട്ടുമെന്നുംജോലി നൽകിയത് പാർട്ടിയാണെന്നും പാർട്ടി അറിയാതെ പരിപാടി നടത്തിയാൽ ജോലി കളയുമെന്നുമായിരുന്നു സജിത്തിന്റെ ഭീഷണി. സർക്കാർ ഡിപാർട്മെന്റ് വഴി പഞ്ചായത്ത് മെമ്പർമാരുടെ മേൽനോട്ടത്തിൽ വിതരണം ചെയ്യേണ്ട കിറ്റായിരുന്നുവെന്ന് പ്രമോട്ടർ പറയുന്നുണ്ടെങ്കിലും സജിത്ത് ക്ഷുഭിതനായി സംസാരിക്കുന്നത് തുടരുകയായിരുന്നു.
പഞ്ചായത്തിൽ പാർട്ടിയറിയാതെ ഒരു പരിപാടി സംഘടിപ്പിച്ചാൽ വട്ടപൂജ്യമാക്കിക്കളയുമെന്നും സജിത്ത് ഭീഷണിപ്പെടുത്തുന്നു. മറ്റുള്ളവരെ കണ്ട് കളിക്കാൻ നിന്നാൽ രക്ഷിക്കാൻ ആരുമുണ്ടാകില്ലെന്നും സജിത് മണികണ്ഠനെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശവും പുറത്തുവന്നിട്ടുണ്ട്.
Content Highlights: cpm local secretary threatens st promoter